പത്തനംതിട്ട: പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിൽ 87,000 പേർ ഒന്നിലധികം ബൂത്തുകളിൽ വോട്ടർമാരായുണ്ടെന്ന് ഡി.സി.സി പ്രസിഡന്റ് ബാബുജോർജ്. ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. എല്ലാ ബൂത്തുകളിലും ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. ഒരു വോട്ടർ ഒന്നിലധികം ബൂത്തുകളിൽ വോട്ടർ പട്ടികയിൽ പേരു രജിസ്റ്റർ ചെയ്യുന്നത് തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന് വേണ്ടി ഒരേ ആളിനെത്തന്നെ വിവിധ ബൂത്തുകളിൽ പേരു ചേർത്തിട്ടുള്ളതിന്റെ വിവരങ്ങൾ ഡി.സി.സിയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇപ്രകാരം ചേർക്കപ്പെട്ട വ്യക്തികളുടെ പേരും മേൽവിലാസവും പിതാവിന്റെയോ ഭർത്താവിന്റെയോ പേരും ഒന്നു തന്നെയാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.