പത്തനംതിട്ട: വികസനത്തിനും വിശ്വാസത്തിനും നേരെ കടുത്തവെല്ലുവിളി നേരിടുന്ന ഈ കാലഘട്ടത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ വിജയിക്കേണ്ടത് അനിവാര്യമാണെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് വാസു പറഞ്ഞു. അസംഘടിത സമൂഹത്തെ പരസ്പരം തമ്മിലടിപ്പിച്ചും പിന്നാക്കവിഭാഗക്കാരുടെ സംരക്ഷകരെന്ന് മേനിനടിച്ചും ഇക്കൂട്ടർ ഇത്രയും കാലം ജനങ്ങളെ പറ്റിക്കുകയായിരുന്നു. എൻ.ഡി.എ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം അധസ്ഥിത ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികളാണ് മോദി സർക്കാർ നടപ്പിലാക്കിയത്. ഭാരതത്തെ ലോകരാജ്യങ്ങളുടെ മുൻപിൽ അഭിമാനാർഹമായ സ്ഥാനത്തെത്തിച്ചതും അദ്ദേഹമാണ്. മഹാത്മാഗാന്ധി സ്വപ്‌​നം കണ്ട ശുചിത്വഭാരതത്തെ സൃഷ്ടിക്കുവാൻ മോദി തുടങ്ങിവെച്ച പ്രവർത്തനങ്ങൾ ലോകവും ശ്രദ്ധിച്ചു. ഗൾഫ് മേഖലയിലെ യുദ്ധാാന്തരീക്ഷത്തിൽ നിന്നും നഴ്‌സുമാർ ഉൽപ്പടെയുളള ഇന്ത്യൻ ജനതയെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനുളള അദ്ദേഹത്തിന്റെ നയതന്ത്ര വിജയം അവിസ്മരണീയമാണ്. ശ്രീനാരയണ ഗുരുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട ടൂറിസം സർക്യൂട്ടിനായി ആദ്യ ഗഡു 70 കോടി രൂപയാണ് ചരിത്രത്തിലാദ്യമായി കേന്ദ്രസർക്കാർ നൽകിയത്.
നവോത്ഥാന നായകരായ ശ്രീനാരായണ ഗുരുവിനേയും മന്നത്തുപത്മനാഭനേയും അയ്യൻകാളിയേയും അവഹേളിക്കുകയും ശ്രീനാരയണ ഗുരുവിനെ കുരിശിലേറ്റുകയും ചെയ്തവരാണ് ഇവർ. എല്ലാ വിഭാഗം ജനങ്ങളേയും ഒരുപോലെ കാണുകയും അവരുടെ ഉന്നമനത്തിനായി പദ്ധതികൾ തയ്യാറാക്കി നടപ്പിലാക്കുയും ചെയ്തത് മോദി സർക്കാർ മാത്രമാണെന്നും സുസ്ഥിരമായ വികസനത്തിനും സുസജ്ജമായ ഭാരതത്തിനും എൻ.ഡി.എയുടെ ഭരണ തുടർച്ച അനിവാര്യമാണെന്നും സുഭാഷ് വാസു പറഞ്ഞു.