തിരുവല്ല: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചന്തത്തോട് നവീകരണം വെറും പാഴ്വാക്കായി. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നിർമ്മിച്ച ചന്തത്തോട് വാട്ടർ പാർക്കും നാശത്തിന്റെ പാതയിൽ. നഗരത്തിലെ മാർക്കറ്റ് ജംഗ്ഷന് സമീപം ചന്തത്തോടിനോട് ചേർന്ന് 21 വർഷം മുമ്പ് നിർമ്മിച്ച പാർക്കും അനുബന്ധ സാമഗ്രികളുമാണ് നശിക്കുന്നത്. വാട്ടർ പാർക്ക് നിറയെ കാക്കപോളയും പായലും മൂടി കിടക്കുകയാണ്. കുട്ടികൾക്കും മുതിർന്നവർക്കും ബോട്ടിംഗ് നടത്തുന്നതിനായി ലക്ഷങ്ങൾ മുടക്കി വാങ്ങിയ രണ്ട് സ്പീഡ് ബോട്ടുകൾ കരയ്ക്ക് കയറിയിട്ട് വർഷങ്ങളായി. ഉപയോഗ ശൂന്യമായി കിടന്നിരുന്ന ബോട്ടുകൾ കുറച്ചുനാൾമുമ്പ് മാറ്റിയിരുന്നു. പാർക്കിലെത്തുന്നവർക്ക് വിശ്രമിക്കുന്നതിനായി നിർമ്മിച്ച കെട്ടിടവും പരിസരവും കാട് കയറി നശിക്കുന്നു. മദ്യപർ അടക്കമുള്ള സാമൂഹ്യ വിരുദ്ധരുടെ താവളമായി ഇവിടം മാറിയിരിക്കുകയാണ്. പരിസരം മുഴുവൻ പൂർണമായി കാട് കയറി ക്ഷുദ്രജീവികളുടെ ആവാസകേന്ദ്രമായി മാറി. നഗരത്തിലെ ഓടകളിൽ മാലിന്യങ്ങളും ഇരുകരകളിലെ മാലിന്യങ്ങളും ഈ തോട്ടിലേക്കാണ് ഒഴുക്കുന്നത്. മലിനജലം കെട്ടിക്കിടന്ന് രൂക്ഷഗന്ധമാണ്. തോട്ടിൽ കൊതുകും കൂത്താടിയും പെരുകാനുമിത് കാരണമായി.
നവീകരിക്കുന്നതിന് പദ്ധതി ഇട്ടിരുന്നു, നടന്നില്ല!
ചന്തത്തോടിന്റെ ഒരു കിലോമീറ്റർ ഭാഗം ശുചീകരിച്ച് ഇരുവശങ്ങളിലെയും സംരക്ഷണഭിത്തി പുനർനിർമിച്ച് പാർക്ക് നവീകരിക്കുന്നതിനായി അഞ്ചു വർഷംമുമ്പ് പദ്ധതിയിട്ടിരുന്നു. അന്നത്തെ കളക്ടർ ഹരികിഷോർ, ആർ.ഡി.ഒ. ഗോപകുമാർ എന്നിവർ മുൻകൈയെടുത്തായിരുന്നു നീക്കങ്ങൾ നടന്നത്. എന്നാൽ അതും ഇതുവരെ നടപ്പിലായില്ല. പിന്നീട് ചന്തത്തോടും നഗരത്തിലെ മുല്ലേലി തൊടുമെല്ലാം ആഴംകൂട്ടി ശുചീകരിക്കുന്ന പദ്ധതിയും ആവിഷ്ക്കരിച്ചു. ആ പദ്ധതിയും വെളിച്ചവും കണ്ടില്ല. ചന്തത്തോടിന്റെയും വാട്ടർ പാർക്കിന്റെയും നവീകരണത്തിനായി കാലാകാലങ്ങളിൽ സർക്കാരുകൾ പ്രഖ്യാപിച്ച പല പദ്ധതികളും എങ്ങുമെത്താതെ കിടക്കുന്നു.
പ്രതിഷേധാർഹം
നഗരവാസികൾക്ക്ഉല്ലസിക്കാനുള്ള സൗകര്യങ്ങളൊന്നും ഇല്ലാത്ത നഗരത്തിന് തൊട്ടടുത്ത് ഇത്രയും സൗകര്യപ്രദമായ സ്ഥലം ഉപയോഗപ്പെടുത്താനാകാത്തത് പ്രതിഷേധാർഹമാണ്.
-21 വർഷം മുമ്പ് നിർമ്മിച്ച പാർക്ക്
-മലിനജലം കെട്ടിക്കിടന്ന് രൂക്ഷഗന്ധം
-പദ്ധതികളൊന്നും വെളിച്ചം കണ്ടിട്ടില്ല