mannadi
മണ്ണടി മുട്ടത്തുമൂലചിറ നവീകരണത്തിനുശേഷം. 2) നവീകരണപ്രവർത്തനങ്ങൾപുരോഗമിക്കുന്ന മണ്ണടി പാടം

കടമ്പനാട് : ഇരുപത്തിയഞ്ച് വർഷം തരിശുകിടന്ന മണ്ണടിയിലെ പാടങ്ങൾ ഇനി കതിരണിയും. മൂന്ന് കിലോമീറ്ററോളം നീളത്തിലും വിശാലതയിലും പരന്ന് കിടക്കുന്ന 250ഹെക്ടർ സ്ഥലത്ത് കൃഷിയിറക്കുന്നതിനായുള്ള നവീകരണപ്രവർത്തനങ്ങൾ ആരംഭിച്ചു. രാഷ്ട്രീയകൃഷിവികാസ് യോജന പദ്ധതിപ്രകാരം അനുവദിച്ച 2.18കോടിരൂപ ചിലവിലാണ് നിർമാണപ്രവർത്തനങ്ങൾ. മുട്ടത്ത് മൂലചിറ, താഴത്തുവയൽ,നിലമേൽ ഏല,കാഞ്ഞിരവയൽ തുടങ്ങിയ ഏലകളിലായി നൂറ്റിയൻപതിലധികം കർഷകർക്ക് പദ്ധതിയുടെ പ്രയോജനംലഭിക്കും. വെള്ളം ഇല്ലാത്തതിനാലാണ് പൂർണമായും കൃഷി കർഷകർ ഉപേക്ഷിച്ചത്. മഴകാലമായാൽ വെള്ളം കെട്ടിനിൽകുകയും ചെയ്യും. താഴ്ന്നഭാഗങ്ങളിൽ നിലങ്ങൾ മണ്ണിട്ട് നികത്തിയത് കാരണം വെള്ളം ഒഴുകിപോകാൻ സൗകര്യമില്ലാത്തത് വലിയ ബുദ്ധിമുട്ടായി. ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാകുന്ന തരത്തിലാണ് പദ്ധതിനടപ്പിലാകുന്നത്. ഒരിക്കലും വറ്റാത്ത മുട്ടത്ത് മൂലചിറയിലെ വലിയകുളം നവീകരിച്ചു. നാല് സെഡുകളും കെട്ടിവൃത്തിയാക്കി. ഈ ചിറയിലെ വെള്ളം പ്രത്യേകം ഒാടകെട്ടി ഏലകളുടെ എല്ലാഭാഗത്തും വെള്ളം എത്തിക്കുകയും ഈ ഒാടവഴി മഴക്കാലത്ത് വെള്ളം ഒഴുകിപോകുന്നതിനുമുള്ള സൗകര്യം ഒരുക്കുന്നുണ്ട് . ഒാടനിർമാണത്തിന്റെ പണി പുരോഗമിക്കുകയാണ്. കൂടാതെ ഏലകൾക്കു നടുവിലൂടെ നീരൊഴുക്ക് നിലച്ച് കാട് പിടിച്ചുകിടന്ന കൈതോടും സൈഡ് കെട്ടി നവീകരിക്കുന്നുണ്ട്. കൃഷിസ്ഥലത്ത് സമയത്ത് വെള്ളമെത്തിക്കാൻ കഴിഞ്ഞാൽ കൃഷിയിറക്കാൻ കർഷകരും റെഡിയാണ്. എന്നാൽ വളരെ ആഴമുള്ള മുട്ടത്ത് മൂലചിറയിൽ ലിഫ്റ്റ് ഇറിഗേഷൻ സൗകര്യം കൂടി ഏർപെടുത്തണമെന്നാണ് കർഷകരൂടെ ആവിശ്യം.

25 വർഷമായി തരിശ് കിടന്ന പാടത്ത് നെൽകൃഷിയായിരുന്നു പ്രധാനമായി ഉണ്ടായിരുന്നത് . വീണ്ടും നെൽകൃഷിയെ പ്രോത്സാസിപ്പിച്ച് മണ്ണടി അരി വിപണിയിലെത്തിക്കുകയാണ് ലക്ഷ്യം.

അനിൽകുമാർ ( പഞ്ചായത്തംഗം)