ചെങ്ങന്നൂർ: താലൂക്കിൽ മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടക്കം പതിവാകുന്നത് വ്യാപാരികളേയും ജനങ്ങളേയും ഒരുപോലെ വലയ്ക്കുന്നു. ഇതിനെതിരെ പ്രതിഷേധം വ്യാപകമാണ്. ഗ്രാമീണ മേഖലയിൽ പലപ്പോഴും മരക്കമ്പുകൾ വീണ് ഡ്രിപ്പായിട്ടാണ് വൈദ്യുതി മുടങ്ങുന്നതെന്ന് അധികൃതർ പറയുന്നു. കാറ്റിൽ 11 കെ.വി. പോസ്റ്റിനു മുകളിലേക്കു മരം ഒടിഞ്ഞു വീണാൽ ബ്രിഡ്ജിഗും ടാപ്പിഗുമൊക്കെ തകരാറിലാകുമെന്നും പുനഃസ്ഥാപിക്കാൻ സമയം വേണ്ടി വരുമെന്നുമാണു കെ.എസ്.ഇ.ബി അധികൃതർ പറയുന്നത്. 11 കെ.വി ഫീഡറുകളിൽ മിക്കതും തകരാറിലാണ്. എന്നാൽ നഗരത്തിലെ വൈദ്യുതി മുടക്കം അധികൃതരുടെ അനാസ്ഥ കാരണമാണ് പലപ്പോഴും സംഭവിക്കുന്നത്. വ്യാപാര സ്ഥാപനങ്ങളിലും ചെറുകിട വ്യവസായ യൂണിറ്റുകളിലുമെല്ലാം വൈദ്യുതി മുടക്കം വൻ നഷ്ടമാണ് ഉണ്ടാക്കുന്നത്. ലാബുകൾ, ഫോട്ടോസ്റ്റാറ്റ് കേന്ദ്രങ്ങൾ, സ്റ്റുഡിയോ അടക്കമുള്ളവ വൈദ്യുതി മുടക്കത്തിൽ ബുദ്ധിമുട്ടുകയാണ്. ചൂടുകാലമായതിനാൽ തണുത്ത വെള്ളം ആവശ്യപ്പെട്ട് വരുന്നവർക്ക് വൈദ്യുതി മുടക്കം കാരണം തണുത്തവ നൽകാൻ സാധിക്കാറില്ലെന്ന് വ്യാപാരികൾ പരാതിപ്പെടുന്നു. വ്യാപാരികളുടെ സംഘടനയുടെ ആഭിമുഖ്യത്തിൽ വൈദ്യുതി മുടക്കത്തിനെതിരേ പ്രതിഷേധ പരിപാടിയും നടത്തിയിരുന്നു. ഇനി മുതൽ അറിയിപ്പോടു കൂടി മാത്രമേ വൈദ്യുതി വിച്ഛേദിക്കൂ എന്നു പറഞ്ഞാണ് കെ.എസ്.ഇ.ബി. അധികൃതർ വ്യാപാരികളെ അനുനയിപ്പിച്ചത്. വെണ്മണി പഞ്ചായത്തിൽ ദിവസേന 20 തവണയെങ്കിലും വൈദ്യുതി തടസ്സപ്പെടുന്നതായാണ് പരാതി. കുളനട സെക്ഷന്റെ കീഴിലായിരുന്ന പുന്തല, കൊഴുവല്ലൂർ പ്രദേശം കൂടി ഉൾക്കൊള്ളിച്ച് വെൺമണി സെക്ഷൻ ഓഫീസ് നിലവിൽ വന്നിട്ട് രണ്ട് വർഷമായി. എന്നിട്ടും നിരന്തരമായുള്ള വൈദ്യുതി മുടക്കത്തിന് യാതൊരു പരിഹാരവും ഉണ്ടായിട്ടില്ല. വഴിവിളക്കുകൾ കത്തുന്നില്ലെന്ന പരാതിയും വ്യാപകമാണ്.