പഴകുളം: പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലെ ഒരു ബൂത്തിൽ വോട്ടുകളുടെ എണ്ണത്തിൽ കുറവു കണ്ടെത്തിയതു സംബന്ധിച്ച് ചീഫ് ഇലക്‌ഷൻ കമ്മിഷന് ജില്ലാ കളക്ടർ പി.ബി. നൂഹ് റിപ്പോർട്ട് നൽകി.
അടൂർ നിയോജക മണ്ഡലത്തിൽപ്പെട്ട പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ പഴകുളം ആലുംമൂട് കെ.വി.യു.പി സ്‌കൂളിലെ 123-ാം നമ്പർ ബൂത്തിലാണ് പോൾ ചെയ്ത വോട്ടുകളിൽ കുറവുവന്നത്. ആകെയുള്ള 1000 വോട്ടിൽ 843 എണ്ണം പോൾ ചെയ്തതായി പോളിംഗ് ഉദ്യോഗസ്ഥരുടെ രേഖയിലുണ്ട്. പോളിംഗിനു ശേഷം പരിശോധിച്ചപ്പോൾ യന്ത്രത്തിൽ 820 വോട്ട് മാത്രമേ രേഖപ്പെടുത്തിയിരുന്നുള്ളു. ഇത് ബൂത്ത് ഏജന്റുമാരും പോളിംഗ് ഉദ്യോഗസ്ഥരും തമ്മിൽ വാക്കുതർക്കത്തിനിടയാക്കിയിരുന്നു. 23 വോട്ടിന്റെ കുറവു വന്നതിനാൽ റീപോളിംഗ് വേണമെന്നായിരുന്നു രാഷ്ട്രീയ പാർട്ടികളുടെ നിലപാട്.
ഇവിടെ വോട്ടിംഗിനിടെ മൂന്നു തവണ യന്ത്രം തകരാറിലായിരുന്നു. മൂന്ന് മുന്നണികളുടെയും പരാതിയെ തുടർന്ന് പോളിംഗ് ദിവസം രാത്രി ആർ.ഡി.ഒ ബീനാറാണിയുടെ നേതൃത്വത്തിൽ നേതാക്കളുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. തുടർന്ന് പ്രിസൈഡിംഗ് ഓഫീസറുടെ റിപ്പോർട്ടും പോളിംഗ് ഏജന്റുമാരുടെ രേഖാമൂലമുള്ള പരാതിയും സ്വീകരിച്ചശേഷം യന്ത്രം സീൽചെയ്ത് കൊണ്ടുപോയി. പരാതി ജില്ലാ കളക്ടർക്കു കൈമാറിയതിനെ തുടർന്നാണ് അദ്ദേഹം ഇലക്‌ഷൻ കമ്മിഷന് റിപ്പോർട്ട് നൽകിയത്.