പത്തനംതിട്ട: ലോക്‌​സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വോട്ട് സ്മാർട്ട് പത്തനംതിട്ട ആപ്പിലൂടെ ജില്ലാ ഭരണകൂടം നടത്തിയ പോളിംഗ് ശതമാന പ്രവചന മത്സരത്തിൽ അജ്മൽ പത്തനംതിട്ട ഒന്നാം സ്ഥാനം നേടി. ജില്ലയിലെ യഥാർത്ഥ പോളിംഗ് ശതമാനം 74.19 ആണ്. ഇതിനോട് ഏറ്റവും അടുത്തു നിൽക്കുന്ന 74.20 ശതമാനം എന്ന അജ്മലിന്റെ പ്രവചനത്തിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. 74.08 ശതമാനം പ്രവചിച്ച ഫിജു രണ്ടാം സ്ഥാനം നേടി. വോട്ടെടുപ്പ് ദിവസം രാവിലെ ഏഴു മുതൽ വൈകിട്ട് മൂന്നുവരെ ആയിരുന്നു പോളിംഗ് ശതമാനം പ്രവചിക്കാനുള്ള സമയം.
അജ്മലിന് 25000 രൂപ സമ്മാനം ലഭിക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ട് സ്മാർട് ആപ്പിന്റെ ഭാഗമായി ഏപ്രിൽ 17ന് ആരംഭിച്ച ക്വിസ് മത്സരം വോട്ടെടുപ്പ് ദിനമായ ഏപ്രിൽ 23 വരെയായിരുന്നു. ദിവസവും രാത്രി ആറു മുതൽ ഒൻപതു വരെയായിരുന്നു ക്വിസ് മത്സരത്തിൽ പങ്കെടുക്കാനുളള സമയം. ക്വിസ് മത്സര വിജയികൾക്ക് ഒന്നാം സമ്മാനം 5000 രൂപയും, രണ്ടാം സമ്മാനം 2500 രൂപയും നൽകി. പോളിംഗ് ശതമാനം പ്രവചിച്ച മത്സര വിജയിക്കുള്ള സമ്മാനം ഇന്ന് ഉച്ചക്ക് 12ന് കളക്ടറേറ്റിൽ ജില്ലാ കളക്ടർ പി.ബി. നൂഹ് നൽകും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇത്തരമൊരു ആപ്പ് സജ്ജമാക്കുന്നത് കേരളത്തിൽ ഇത് ആദ്യമാണ്. സ്വീപ്പ് വോട്ടർബോധവത്കരണ പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുപ്പിലേക്ക് യുവജനങ്ങളെ ആകർഷിക്കുന്നതിനാണ് ആപ്പിലൂടെ ക്വിസ് മത്സരവും പോളിംഗ് ശതമാന പ്രവചന മത്സരവും സംഘടിപ്പിച്ചത്.