കവിയൂർ, കുന്നന്താനം പഞ്ചായത്തുകളിൽ കുടിവെള്ളക്ഷാമം
തിരുവല്ല: രാജ്യാന്തര നിലവാരത്തിൽ തോട്ടഭാഗം - പായിപ്പാട് റോഡ് നിർമ്മിക്കുന്നതിനിടെ വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പുകൾ വ്യാപകമായി തകർന്നു. കടുത്ത വേനലിൽ ഒരുമാസമായി കുടിവെള്ളം കിട്ടാതെ പ്രദേശവാസികൾ വലയുകയാണ്. കവിയൂർ - കുന്നന്താനം കുടിവെള്ള പദ്ധതിയുടെ ആദ്യകാലത്തെ പമ്പിംഗ് ലൈനാണ് പലയിടത്തും പൊട്ടിയത്. തോട്ടഭാഗം മുതൽ ചങ്ങനാശ്ശേരി വരെയുളള റോഡ് കിഫ്ബിയിൽ ഉൾപ്പെടുത്തി വീതി കൂട്ടി നിർമ്മിക്കുകയാണ്. പായിപ്പാട്ടു നിന്ന് കവിയൂർ വരെയുള്ള ഭാഗത്തെ പണികളാണ് ഇപ്പോൾ നടന്നുവരുന്നത്. ഇതിനിടയിൽ ആഞ്ഞിലിത്താനം ഭാഗത്തെ നിർമ്മാണം നടക്കുമ്പോഴാണ് പലയിടത്തും പൈപ്പുകൾ പൊട്ടിയത്. ഇവിടെ റോഡിന്റെ വശങ്ങളിലെ ഉയരമുള്ള ഭാഗം നിരപ്പാക്കുന്നതിനായി ഒന്നര മീറ്ററോളം താഴ്ചയിൽ മണ്ണെടുത്തു മാറ്റിയിരുന്നു. ഇതിനിടയിലാണ് പമ്പിംഗ് ലൈൻ 180 മീറ്ററോളം ദൂരത്തിൽ മണ്ണുമാന്തി യന്ത്രം തകർത്തത്. 200 എം.എമ്മിന്റെ ആസ്ബറ്റോസ് സിമെന്റ് പൈപ്പാണ് പൊട്ടിയത്. തിരുവല്ലയിൽ നിന്ന് പൂവക്കാലയിലെ പമ്പിംഗ് സ്റ്റേഷനിലേക്കാണ് വെള്ളം എത്തിച്ചിരുന്നത്. ഇലവിനാലിലെ ടാങ്കിലെത്തിച്ചായിരുന്നു വിതരണം. പൈപ്പുകൾ തകർന്നതോടെ ഇവിടേക്കുള്ള പമ്പിംഗ് നിലച്ചു. കവിയൂർ - കുന്നന്താനം കുടിവെള്ള പദ്ധതിയുടെ ഇടശ്ശേരിക്കയത്തിലെ പമ്പിംഗ് സ്റ്റേഷനിൽ നിന്നാണ് ഇതുമൂലം ഇപ്പോൾ വിതരണം നടത്തുന്നത്. കവിയൂർ, കുന്നന്താനം പഞ്ചായത്തുകളിൽ രണ്ടിടത്തു നിന്ന് പമ്പിംഗ് നടത്തുമ്പോൾപോലും കുടിവെള്ളം കൃത്യമായി കിട്ടാത്ത അവസ്ഥയായിരുന്നു. പണിക്കിടെ തകർന്ന ഭാഗത്തെ പൈപ്പുകൾ മാറ്റേണ്ടതുണ്ട്. 430 മീറ്ററോളം ദൂരത്തിൽ പുതിയ പൈപ്പുകൾ ഇടേണ്ടിവരും. ഇതിനുള്ള പണം അടയ്ക്കാമെന്ന് പൊതുമരാമത്ത് അധികൃതർ അറിയിച്ചായി വാട്ടർ അതോറിറ്റി അധികൃതർ പറഞ്ഞെങ്കിലും കുടിവെള്ള വിതരണം എപ്പോൾ പുന:രാരംഭിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല.
പകരം സംവിധാനവും ഒരുക്കിയില്ല
രണ്ടു പഞ്ചായത്തുകളിലെ ഭൂരിഭാഗം പ്രദേശങ്ങളിലും കുടിവെള്ളം കിട്ടാതായിട്ട് ഒരുമാസത്തോളമായി. പൈപ്പ് പൊട്ടിയത് അറിഞ്ഞു ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും തുടർ നടപടികൾ ഒന്നും ഉണ്ടായില്ല. കുടിവെള്ളം എത്തിക്കാൻ പകരം സംവിധാനം ഒരുക്കാൻ പോലും അധികൃതർ തയ്യാറാകാതിരുന്നത് നാട്ടുകാരെ കൂടുതൽ ദുരിതത്തിലാക്കി. ആയിരവും രണ്ടായിരവും രൂപ നൽകി വെള്ളം വാങ്ങിയാണ് ഇപ്പോൾ ഉപയോഗിക്കുന്നത്.
ദാഹിച്ച് വലഞ്ഞ്
കവിയൂരിന്റെ വിവിധ ഭാഗങ്ങൾ,ആഞ്ഞിലിത്താനം, കോലത്തുമല, പരുത്തിക്കാട്ടുമണ്ണ്, ചിറയകുളം, ഉത്താനത്തുപ്പടി, പഴമ്പള്ളി തുടങ്ങിയ പ്രദേശങ്ങളിൽ ജലവിതരണം മുടങ്ങിയിരിക്കുകയാണ്.