പത്തനംതിട്ട: മൈലപ്ര തിരുഹൃദയ കത്തോലിക്കാ പള്ളിയിൽ ഗീവർഗീസ് സഹദായുടെ തിരുനാളിന് 28ന് കൊടിയേറും. മേയ് നാല്, അഞ്ച് തീയതികളിലായി തിരുനാളിന്റെ പ്രധാന ചടങ്ങുകൾ നടക്കുമെന്ന് വികാരി ഫാ.സ്ലീബാദാസ് ചരിവുപുരയിടത്തിൽ പത്രസമ്മേളനത്തിൽ പറഞ്ഞു. 29 മുതൽ മേയ് ഒന്നുവരെയുള്ള ദിവസങ്ങളിൽ വൈകിട്ട് കപ്പൂച്ചിയൻ പ്രോവിൻഷൽ മിനിസ്റ്റർ ഫാ.ജോസഫ് പുത്തൻപുരയ്ക്കൽ വചനപ്രഘോഷണം നടത്തും.
28ന് രാവിലെ എട്ടിന് കുർബാന, തുടർന്ന് പത്തനംതിട്ട രൂപത മുഖ്യവികാരി ജനറാൾ മോൺ.ജോൺ തുണ്ടിയത്ത് തിരുനാൾ കൊടിയേറ്റ് നിർവഹിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് ചെമ്പെടുപ്പ് റാസ, പള്ളിയിൽ നിന്നാരംഭിച്ച് ഇടവക അതിർത്തിയിലെ സ്ഥലങ്ങളിലൂടെ ആറിന് സഹദാ കുരിശടിയിൽ സമാപിക്കും. 29ന് വൈകിട്ട് നാലിന് നൊവേന, തുടർന്ന് മൈനർ സെമിനാരി റെക്ടർ ഫാ.ജോസ് ചാമക്കാലായിൽ കോർ എപ്പിസ്കോപ്പ കുർബാന അർപ്പിക്കും. ആറിന് ഫാ.ജോസഫ് പുത്തൻപുരയ്ക്കൽ വചനപ്രഘോഷണം നടത്തും.
30ന് വൈകിട്ട് നാലിന് റാന്നി പെരുനാട് വൈദിക ജില്ലയിലെ വൈദികരുടെ നേതൃത്വത്തിൽ കുർബാന, ഫാ.ജോസഫ് പുത്തൻപുരയ്ക്കലിന്റെ വചനപ്രഘോഷണം. മേയ് ഒന്നിന് പിതൃദിനാചരണം. വൈകിട്ട് നാലിന് പത്തനംതിട്ട രൂപത വികാരി ജനറാൾ മോൺ.ജോസഫ് കുരുമ്പിലേത്ത് കുർബാനയ്ക്ക് കാർമികത്വം വഹിക്കും.
രണ്ടിന് വൈകിട്ട് നാലിന് ഫാ.വർഗീസ് ക്ലമന്റ് കാർമികത്വം വഹിക്കും. ആറിനു ഭക്തസംഘടനാ വാർഷികം ഫാ.പി.വൈ. ജെസൻ ഉദ്ഘാടനം ചെയ്യും. മൂന്നിന് വൈകന്നേരം നാലിന് സീറോ മലബാർ ക്രമത്തിൽ ഫാ.വർഗീസ് പുളിക്കൽ കുർബാന അർപ്പിക്കും.
നാലിനു രാവിലെ ഏഴിന് പ്രഭാത പ്രാർത്ഥന, നൊവേന, കുർബാന. തുടർന്ന് സഹദാ കുരിശടിയിൽ ചെമ്പ് പ്രതിഷ്ഠിക്കും. ആറിന് സന്ധ്യാപ്രാർത്ഥന. പത്തനംതിട്ട രൂപത കോ അഡ്ജത്തൂർ ബിഷപ് ഡോ.സാമവേൽ മാർ ഐറേനിയോസ് സന്ദേശം നൽകും. തിരുനാൾ റാസ ദേവാലയത്തിൽ നിന്നാരംഭിച്ച് കുമ്പഴ വടക്ക്, മൈലപ്ര പഞ്ചായത്ത് പടി വഴി തിരികെ ദേവാലയത്തിലെത്തിച്ചേരും. മൈലപ്ര ഓർത്തഡോക്സ് പള്ളി വികാരി ഫാ.ജോർജ് പ്രസാദ് സന്ദേശം നൽകും.
മേയ് അഞ്ചിനു രാവിലെ എട്ടിന് പത്തനംതിട്ട രൂപതാധ്യക്ഷൻ യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ പൊന്തിഫിക്കൽ കുർബാന. വിവിധ പുരസ്കാരങ്ങൾ നേടിയ അദ്ധ്യാപകർ, ബിരുദ ജേതാക്കൾ, സുവർണ ജൂബിലി ആഘോഷിക്കുന്ന സന്യസ്തർ തുടങ്ങിയവരെ ആദരിക്കും. തുടർന്ന് കുരിശടിയിലേക്ക് റാസ, ചെമ്പെടുപ്പ്, നേർച്ചസദ്യ.
ആറിന് രാവിലെ 6.15ന് പ്രഭാത പ്രാർത്ഥന, മൈലപ്ര ബഥനി, മുണ്ടകോട്ടയ്ക്കൽ കപ്പൂച്ചിയൻ ആശ്രമങ്ങളിലെ വൈദികരുടെ മുഖ്യകാർമികത്വത്തിൽ കുർബാന, നൊവേന, സെമിത്തേരിയിൽ പ്രാർത്ഥന,കൊടിയിറക്ക്. ട്രസ്റ്റി ജോൺ ജോർജ്, സെക്രട്ടറി പ്രമോദ് ജോർജ്, ജനറൽ കൺവീനർ ജോർജ് വർഗീസ്, പബ്ലിസിറ്റി കൺവീനർ എബി വർഗീസ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.