റാന്നി: ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന റാന്നി ഗ്രാമ ന്യായാലയ കോടതി ഐത്തല ഗവ. എൽ.പി സ്‌കൂൾ കെട്ടിടത്തിലേക്ക് മാറ്റുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം കോടതി പ്രവർത്തിക്കുന്നതിനായി വിട്ടുനൽകുന്നതിനുള്ള രേഖകൾ വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി കൈമാറി കഴിഞ്ഞു. ആവശ്യപ്പെടുന്ന വേളയിൽ തിരികെ നൽകാമെന്ന വ്യവസ്ഥയോടെ റാന്നി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറാണ് രേഖകൾ കൈമാറിയത്.ഹൈക്കോടതി രജിസ്ട്രാർ, പത്തനംതിട്ട ജില്ലാ ജഡ്ജി, പത്തനംതിട്ട, തിരുവല്ല വിദ്യാഭ്യാസ ഉപഡയറക്ടർ, റാന്നി​ പഴവങ്ങാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവർക്കാണ് രേഖകൾ കൈമാറിയത്. കുട്ടികൾ ഇല്ലാത്തതിനെ തുടർന്ന് പത്ത് വർഷം മുൻപാണ് സ്‌കൂൾ അടച്ചു പൂട്ടിയത്. പിന്നീട് കെട്ടിടം ഉപയോഗിക്കാതെ നശിക്കുകയായിരുന്നു. മേൽക്കൂരയും മറ്റും മാറ്റി കെട്ടിടത്തിൽ അറ്റകുറ്റപണികൾ നടത്തി.