തിരുവല്ല: നിയമം ലംഘിച്ച് പെർമിറ്റിൽ കൃത്രിമത്വം കാട്ടി സർവ്വീസ് നടത്തിയിരുന്ന 12 അന്തർ സംസ്ഥാന സ്വകാര്യ ബസുകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ് സംഘം ഇന്നലെ പിടികൂടി. കഴിഞ്ഞദിവസം കല്ലട ബസ്സിലെ യാത്രക്കാർക്ക് നേരെ ആക്രമണം ഉണ്ടായ പശ്ചാത്തലത്തിൽ നടത്തിയ പരിശോധനയിൽ തിരുവല്ലയിൽ നിന്ന് എട്ടും അടൂരിൽ നിന്ന് രണ്ടും പത്തനംതിട്ട, പന്തളം എന്നിവിടങ്ങളിൽ നിന്ന് ഓരോ ബസുകളും വീതമാണ് പിടികൂടിയത്. ബാംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളിലേക്ക് സർവ്വീസ് നടത്തിയിരുന്ന ബസുകളാണിത്. സർവീസ് ആരംഭിക്കുന്നിടത്ത് നിന്നല്ലാതെ മറ്റ് ഭാഗങ്ങളിൽ നിന്നും ആളെ കയറ്റാൻ പാടില്ലെന്ന വ്യവസ്ഥ ലംഘിച്ച് ആളെ കയറ്റുന്നതിനിടെയാണ് എൻഫോഴ്സ്മെന്റ് സംഘം ബസുകൾ പിടികൂടിയത്. ഓരോ ബസുകൾക്കും 5000 രൂപ വീതം പിഴ ചുമത്തി. ട്രാവൽ ഏജൻസികളായി പ്രവർത്തിച്ചിരുന്ന ജില്ലയിലെ ഒൻപത് ടിക്കറ്റ് ബുക്കിംഗ് ഓഫീസുകളുടെ രേഖകൾ മൂന്ന് ദിവസത്തിനകം ഹാജരാക്കാൻ എൻഫോഴ്‌സ്‌മെന്റ് അധികൃതർ ഓഫീസ് ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്നും എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ആർ.രമണൻ, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ റോഷൻ, അസി.മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ ഷാൻ, എസ്. നാഥ്‌ , രാജീവ് മോഹൻ, സോണി എന്നിവർ റെയ്ഡിന് നേതൃത്വം നൽകി.