ഇളമണ്ണൂർ : വിനോദത്തിനു തുടങ്ങിയ തേനീച്ച വളർത്തൽ തന്റെ ഉപജീവനമാർഗമായി മാറ്റിയിരിക്കുകയാണ് ഇൗ യുവാവ്, ഏനാദിമംഗലം മങ്ങാട് ആലയിൽപടി കാഞ്ഞിരവിളയിൽ വീട്ടിൽ എ. അനീഷാണ് തേനീച്ച കൃഷിയിലൂടെ ശ്രദ്ധേയനാകുന്നത്. ഒമ്പത് വർഷം ദുബായ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ ഇലക്ട്രിക്കൽ ടെക്‌നീഷ്യനായി ജോലിചെയ്ത ശേഷം 2012ലാണ് അനീഷ് നാട്ടിലെത്തിയത്. നാട്ടിൽ ഇലക്ട്രീഷ്യൻ പ്ലംബിങ് കരാറുകാരനാണ്. ഇതിനിടെയാണ് തേനീച്ച കൃഷി . മൂന്നു വർഷം മുമ്പ് പഴകുളം സോഷ്യൽ സർവീസ് സൊസൈറ്റി (പാസ്) യിൽ നടന്ന മൂന്നു ദിവസത്തെ തേനീച്ച വളർത്തൽ പരിശീലനത്തിൽ പങ്കെടുത്ത ശേഷമാണ് കൃഷി ആരംഭിച്ചത്. പെരിങ്ങനാടുള്ള തേനീച്ച കർഷകനിൽ നിന്ന് അഞ്ചുപെട്ടിയും അനുബന്ധ സാമഗ്രികളും വാങ്ങിയാണ് തുടക്കമിട്ടത്. ഇപ്പോൾ 42 പെട്ടികളുണ്ട്. 300 ലിറ്ററോളം തേൻ ഇക്കുറി ലഭിച്ചു. തികച്ചും ശാസ്ത്രീയ രീതിയിലാണ് തേനീച്ച വളർത്തൽ. ഇപ്പോഴുള്ള വേനൽമഴ തേൻ കുറയാനിടയാക്കുമെന്ന് അനീഷ് പറഞ്ഞു. ലിറ്ററിന് 400 രൂപയ്ക്കാണ് വിൽക്കുന്നത്. ഭാര്യ ഷമിയ ബീഗവും അനീഷിന്റെ പിതാവ് അബ്ദുൽ
അസീസും മാതാവ് റുഖിയബീഗവും സഹായത്തിനുണ്ട്. തരിശുനിലം പാട്ടത്തിനെടുത്ത് വാഴയും പച്ചക്കറിയും കൃഷി ചെയ്യാനുള്ള ഒരുക്കത്തിലാണ് അനീഷ്.