പത്തനംതിട്ട ടൗൺ വെള്ളക്കെട്ടുകളാൽ സമൃദ്ധം
പത്തനംതിട്ട : കടുത്ത വേനലിൽ മഴ ആശ്വാസമായിരുന്നെങ്കിലും നഗരത്തിനെ ചെളിക്കുളമാക്കി. പലഭാഗങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടിരിക്കുകയാണിപ്പോൾ. പ്രൈവറ്റ് ബസ് സ്റ്റാൻഡ് എപ്പോഴും എന്ന പോലെ കുളമായി തന്നെ കിടക്കുന്നു. ബസ് സ്റ്റാൻഡ് നവീകരണത്തിന് എല്ലാ ബഡ്ജറ്റിലും കോടികൾ നീക്കി വയ്ക്കുമെങ്കിലും പ്രത്യേകിച്ച് ഗുണം ഒന്നുമില്ല. മഴക്കാലമാകുമ്പോൾ വലിയ കുഴിയായി വെള്ളക്കെട്ട് ഉണ്ടാകും. സ്റ്റാൻഡിലെ കുഴികൾ അത് പോലെതന്നെ കിടക്കുകയാണ്. അശാസ്ത്രീയമായ നവീകരണമാണ് എല്ലായ്പ്പോഴും ഇവിടെ നടക്കുന്നത്.
ചെളിയായി സ്റ്രേഡിയം
ജില്ലാ സ്റ്റേഡിയത്തിൽ പരിശീലനത്തിനെത്തുന്ന കുട്ടികൾക്ക് ചെളിയിൽ പരിശീലിക്കേണ്ട ഗതികേടാണ്. സ്റ്റേഡിയത്തിൽ നിറയെ പുല്ലു വളർന്നിരിക്കുകയാണ്. പലയിടങ്ങളിലും വെള്ളക്കെട്ട്. നിരവധി അവധിക്കാല പരിശീലന പരിപാടികൾ നടക്കേണ്ട സമയമാണിത്. രാഹുൽ ഗാന്ധി വന്നപ്പോൾ കെട്ടിയ പന്തലും ഇതുവരെ അഴിച്ചു മാറ്റിയിട്ടില്ല.
വാ തുറന്ന് ഒാടകൾ
നാല് വർഷത്തിലധികമായി നഗരത്തിലെ ഒാടകൾക്ക് മുകളിലെ സ്ളാബുകൾ മാറ്റി സ്ഥാപിച്ചിട്ട്. കഴിഞ്ഞ ദിവസം മുണ്ടുകോട്ടയ്ക്കൽ സ്വദേശിനിയുടെ കാൽ സ്ലാബിലെ കുഴിയിൽ വീണിരുന്നു. അതിന് ശേഷം കാൽനടയാത്രക്കാർക്ക് സ്ലാബിന് മുകളിലൂടെ നടക്കാൻ ഭയമാണ്. പലരും റോഡിലിറങ്ങിയും സമീപത്തെ കടകളുടെ സ്റ്റെപ്പിൽ കയറിയും ആണ് നടക്കുന്നത്. കഴിഞ്ഞ ദിവസം വലിയ അപകടം സംഭവിച്ചിട്ടും പി.ഡബ്യൂ.ഡി അധികൃതർ സ്ഥലം സന്ദർശിക്കുകയോ നടപടിയെടുക്കുകയോ ചെയ്തിട്ടില്ല. ജനറൽ ആശുപത്രിയിലെത്തുന്നവർ പൊളിഞ്ഞ സ്ളാബുകളിലൂടെയാണ് കടന്നു പോകുന്നത്. ആശുപത്രിയിലെത്തിയ പലരോഗികൾക്കും സ്ലാബ് വില്ലനായിട്ടുമുണ്ട്. മഴവെള്ളം ഓടയിലേക്കിറങ്ങാൻ സ്ഥാപിച്ച കുഴി വലുതായതാണ് കാരണം. സെന്റ് പീറ്റേഴ്സ് ജംഗ്ഷൻ മുതൽ സെൻട്രൽ ജംഗ്ഷൻ വരെ പലയിടത്തും സ്ലാബ് കെണിയായിരിക്കുന്നു. കുറച്ചു നാൾ മുമ്പ് ഉൗന്നുവടി സ്ളാബിന്റെ വിടവിൽ കുടുങ്ങി വൃദ്ധന് വീണ് പരിക്കേറ്റ സംഭവം ഉണ്ടായി. നിരവധി പരാതികൾ നല്കിയെങ്കിലും അധികൃതർ ഇതൊന്നും അറിഞ്ഞമട്ടില്ല. പലയിടങ്ങളിലും പൊട്ടിയ സ്ളാബുകളുടെ മുകളിൽ വ്യാപാരികൾ വലിയ കല്ലുകൾ എടുത്ത് വച്ചിരിക്കുകയാണ്.
തിങ്കളാഴ്ച മുതൽ സ്ലാബുകളുടെ പണി ആരംഭിക്കുമെന്നാണ് പത്തനംതിട്ട പി.ഡബ്യൂ.ഡി അധികൃതർ പറയുന്നത്.