അടൂർ: ഏറെ തിരക്കുള്ളതും എം.സി റോഡും കൊല്ലം - തേനി നാഷണൽ ഹൈവേയുടെ സമാന്തര ഹൈവേയായ എൻ.എച്ച് 183 എ പാതയും സംഗമിക്കുന്ന നെല്ലിമൂട്ടിൽ പടിയിൽ എം.സി റോഡ് വികസനത്തിന് ഏറ്റെടുത്ത സ്ഥലം പൂർണമായും വിനിയോഗിക്കാതെ ഉദ്യോഗസ്ഥർ സ്വകാര്യ ഭൂഉടമകൾക്കൊപ്പം നിൽക്കുന്നതായ പരാതി വീണ്ടും ഉയരുന്നു. സമാന പരാതി ഏനാത്ത് ഭാഗത്തും ഉയർന്നിരിന്നു. കേരളകൗമുദി വാർത്തയെ തുടർന്ന് കെ.എസ്.ടി.പി. സൂപ്രണ്ടിംഗ് എഞ്ചിനീയർ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ പരിശോധന നടത്തി സ്ഥിതിഗതികൾ ബോദ്ധ്യപ്പെട്ടതിനെ തുടർന്നാണ് സ്ഥലം പൂർണമായും വിനിയോഗിക്കാൻ കരാറുകാർ തയാറായത്. ട്രാഫിക് സിഗ്നൽ ഉള്ളതും ഏത് സമയവും ഗതാഗത തിരക്കുള്ളതുമായ സ്ഥലാണ് നെല്ലിമൂട്ടിൽപടി. സുരക്ഷാ ഇടനാഴിയായി വികസിപ്പിക്കുന്ന എം.സി റോഡിന്റെ വീതി കുറവ് പരിഹരിക്കുന്നതിനായി 2005ൽ സ്വകാര്യ വ്യക്തിയിൽ നിന്നും പൊന്നുംവിലയ്ക്കെടുത്ത് അളന്ന് തിരിച്ചിട്ട സ്ഥലമാണിത്. ഇത് അതേ വ്യക്തികൾ കൈയ്യേറിയെന്ന പരാതിയെ തുടർന്ന് റീസർവേ വിഭാഗം വീണ്ടും അളന്ന് തിരിച്ച് വലിയ കോൺക്രീറ്റ് കുറ്റി സ്ഥാപിക്കുകയും ചെയ്തു. ഇപ്പോൾ ഒാടയുടേയും ഫുട്പാത്തിന്റെയും നിർമ്മാണമാണ് ഇവിടെ നടക്കുന്നത്. അളന്ന് തിരിച്ച സ്ഥലം പൂർണമായി വിനിയോഗിക്കാതെ രണ്ട് മീറ്ററോളം റോഡിലേക്ക് ഇറക്കിയാണ് ഒാട നിർമ്മിച്ചിരിക്കുന്നത്. ഇൗ ഒാടയുടെ മുകളിലാണ് ടൈൽസ് പാകി ഫുട്പാത്തായി നവീകരിക്കുന്നത്. ഇൗ സ്ഥലം പൂർണമായും വിനിയോഗിച്ചില്ലെങ്കിൽ സ്വകാര്യ വ്യക്തിക്ക് വീണ്ടും കൈയ്യേറുന്നതിന് അവസരമൊരുക്കും. ഇക്കാര്യത്തിൽ കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയാണ് നടക്കുന്നത്. നിലവിൽ ഇൗ ഭാഗത്ത് പരമാവധി വീതി ഉണ്ടാകേണ്ടതുണ്ട്. സ്ഥലം പൂർണമായും ഏറ്റെടുക്കാതെ സ്വകാര്യ വ്യക്തികളെ സഹായിക്കുംവിധം ഒാട നിർമ്മിച്ചതിനെ തുടർന്ന് പരാതി ഉയരുകയും കഴിഞ്ഞ വെള്ളിയാഴ്ച നിർമ്മാണ പ്രവർത്തനം നിർത്തിവയ്ക്കുകയും ചെയ്തു. എന്നാൽ പരാതിക്ക് പരിഹാരം കാണാതെ കഴിഞ്ഞ ദിവസം മുതൽ വീണ്ടും ഫുട്പാത്ത് നിർമ്മാണം പുന:രാരംഭിച്ചു.
കരാറുകാരുടേയും ഒരുവിഭാഗം ഉദ്യോഗസ്ഥരുടേയും ഒത്തുകളി സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും സ്ഥലം പൂർണമായും ഏറ്റെടുത്ത് റോഡിന് പരമാവധി വീതി വർദ്ധിപ്പിക്കണം.
ഡി.സജി
സി.പി.ഐ അടൂർ മണ്ഡലം സെക്രട്ടറി