അടൂർ: സദാസമയവും വാഹനങ്ങൾ ചീറിപ്പായുന്ന എം. സി റോഡിലെ നെല്ലിമൂട്ടിൽപ്പടിയിൽ ട്രാഫിക് സിഗ്നൽ ലൈറ്റ് തകരാറിലായിട്ട് ഒരാഴ്ചയാകുന്നു. ഇതോടെ നാഷണൽ ഹൈവേയായ ശാസ്താംകോട്ട - അടൂർ പാതയിൽ നിന്ന് എം. സി റോഡിലേക്കുള്ള പ്രവേശനവും റോഡ് മുറിച്ചുകടക്കലും ദുരിതത്തിലായി. പ്രധാനപ്പെട്ട രണ്ട് റോഡുകൾ സംഗമിക്കുന്ന ഇവിടെ ട്രാഫിക് സിഗ്നൽ ഏറെ അനിവാര്യമാണ്.

ഇത് തകരാറിലായതോടെ ഇൗ മേഖലയിൽ ഗതാഗത സംവിധാനം കുത്തഴിഞ്ഞു. എം. സി റോഡിൽ തലങ്ങും വിലങ്ങും വാഹനങ്ങൾ ചീറിപ്പായുന്ന കാഴ്ചയാണ്.

ശാസ്താംകോട്ട റോഡിൽ നിന്ന് എം. സി റോഡിലേക്കും തിരിച്ചുമുള്ള പ്രവേശനം തീർത്തും അപകടം നിറഞ്ഞതായി. ഇവിടെ ട്രാഫിക് നിയന്ത്രണത്തിന് ഹോംഗാർഡിനെ നിയമിച്ചിട്ടുണ്ടെങ്കിലും അവരുടെ നിയന്ത്രണത്തിൽ മാത്രമൊതുങ്ങുന്നതല്ല ഗതാഗതത്തിരക്ക്. ചീറിപ്പായുന്ന വാഹനങ്ങൾക്കിടയിലേറങ്ങിച്ചെന്ന് വേണം ഗതാഗതം നിയന്ത്രിക്കാൻ.

ഏതാനും മാസങ്ങൾക്ക് മുമ്പ് ലൈറ്റുകൾ തകരാറിലായത് സംബന്ധിച്ചുള്ള കേരളകൗമുദി വാർത്തയെ തുടർന്ന് നന്നാക്കിയിരുന്നു. തിരുവനന്തപുരം ആസ്ഥാനമായുള്ള ഒരു സ്വകാര്യ ഏജൻസിക്കാണ് ഇതിന്റെ പ്രവർത്തന ചുമതല. ഇതിൽ സ്ഥാപിക്കുന്ന പരസ്യബോർഡുകൾ മാത്രമാണ് അവർക്കുള്ള വരുമാന മാർഗം. ആരംഭഘട്ടത്തിൽ ഇവർ കാട്ടിയ ജാഗ്രത ഇപ്പോൾ കാട്ടാറില്ല.

---------------------------

സിഗ്നൽ ലൈറ്റുകൾ പുന:സ്ഥാപിക്കുന്നതിന് ബന്ധപ്പെട്ടവരുമായി ആലോചിച്ച് അടിയന്തര നടപടി സ്വീകരിക്കും.

ചിറ്റയം ഗോപകുമാർ എം. എൽ. എ