പന്തളം: കുളനട പഞ്ചായത്തിലെ വെട്ടുവേലി പാടശേഖരത്തിലെ നെൽകൃഷി വെള്ളത്തിലായത് കർഷകരെ ദുരിതത്തിലാക്കി. ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകർക്കുണ്ടായത്. കുളനട പഞ്ചായത്തിലെ ഒന്നാം വാർഡിലെ വെട്ടുവേലി പുഞ്ചയിലെ18 ഏക്കറിലെ 11 കർഷകരുടെ കൊയ്യാൻ പാകമായ നെൽ കൃഷിയാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കാറ്റിലും മഴയിലും നശിച്ചത്. 20 വർഷമായി തരിശു കിടന്ന 13 ഏക്കറിൽ കഴിഞ്ഞ വർഷം മുതലാണ് കൃഷി പുന:രാരംഭിച്ചത്. ഇത്തവണ തരിശായ അഞ്ച് ഏക്കറിൽക്കൂടി കൃഷി ചെയ്തു. അത്യുൽപ്പാദന ശേഷിയും മൂപ്പുമുള്ള ഉമ ഇനത്തിൽപ്പെട്ട വിത്തായിരുന്നു വിതച്ചത്. നൂറുമേനി വിളവും ലഭിക്കുമായിരുന്നു. എന്നാൽ വേനൽ മഴയും കാറ്റും തുടർച്ചയായുണ്ടായതോടെ നെൽച്ചെടികൾ വെള്ളത്തിലായി. വെള്ളം വറ്റിച്ചു കൊയ്യാമെന്ന പ്രതീക്ഷയിൽ മൂന്നു ദിവസമായി മൂന്ന് മോട്ടറുകൾ വച്ച് പമ്പു ചെയ്തു വെള്ളം ഒഴുക്കിക്കളയാൻ ശ്രമിക്കുന്നുണ്ടെങ്കിലും കക്കട പാലത്തിനടിയിലെ ഷട്ടറിന്റെ തകരാർ വെള്ളം പൂർണമായി ഒഴുകി പോകുന്നതിനു തടസമായി. കഴിഞ്ഞ ദിവസത്തെ കാറ്റിൽ പുഞ്ചയിലേക്കുള്ള വൈദ്യുതി ലൈനിൽ മരം വീണ് മൂന്ന് പോസ്റ്റുകൾ ഒടിഞ്ഞതിനാൽ വൈദ്യുതി തടസം നേരിട്ടതോടെ ഒരു ദിവസം പമ്പിംഗ് മുടങ്ങി. വിത്തും വളവും സർക്കാർ സൗജന്യമായി നൽകിയെങ്കിലും പൂട്ടുകൂലി, വരമ്പുവെട്ട്, നടീൽ, കളപറിയ്ക്കൽ, കീടനാശിനി എന്നിവയ്‌ക്കെല്ലാംകൂടി കർഷകന് ഏക്കറിന് 25000 രൂപയ്ക്കു മേൽ ചെലവായിട്ടുണ്ട്. കവിരാജ് ആനന്ദ ഭവൻ, വരദരാജൻനായർ നന്ദനം, ശങ്കരൻപോറ്റി ഉമാലയം, ലിബിൻ ലിബിൻ ഭവനം, തമ്പി ഇല്ലത്തെക്കേതിൽ, ബിനേഷ് ലക്ഷ്മി ഭവനം, ശിവൻപിള്ള മിനി ഭവനം, ബിജു ജോർജ്ജ് കോടംപറമ്പിൽ, സോമരാജൻ രാജശ്രീ, അനിൽ പി. ഉമ്മൻ, ഏബ്രഹാം എന്നിവരുടെ കൃഷിയാണ് നഷ്ടപ്പെട്ടത്.
വെട്ടുവേലി പാടശേഖരത്തിൽ അടുത്ത വർഷം മുതൽ കൃഷി ചെയ്യണമെങ്കിൽ കക്കട പാലത്തിനടിവശത്തുള്ള ഷട്ടറിന്റെ അറ്റകുറ്റപ്പണി നടത്തി ജലം ഒഴുകുന്നതിനുള്ള സൗകര്യം ഒരുക്കണമെന്നാണ് കർഷകർ പറയുന്നത്. കക്കട പാലത്തിന്റെ താഴെയുള്ള ഷട്ടറിന്റെ അറ്റകുറ്റപ്പണി നടത്തി വെള്ളം ഒഴുക്കിവിടുന്നതിനുള്ള ക്രമീകരണങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി ചെയ്യിക്കാൻ ശ്രമിക്കും.
കെ.ആർ. ജയചന്ദ്രൻ
(കുളനട ഗ്രാമപഞ്ചായത്തംഗം)
കുളനട വെട്ടുവേലി പാടശേഖരത്തിലെ നെൽകൃഷി വെള്ളത്തിൽ