ആറൻമുള: പമ്പയാറ്റിൽ ഇപ്പോൾ മീൻ പ്രളയമാണ്. ആറൻമുളയിലെ ചെറുപ്പക്കാർക്ക് ചാകരയുടെ സന്തോഷവും. റാന്നി മുതൽ ആറൻമുള വരെയുളള ഭാഗത്ത് ഉത്സവംപോലെയാണ് മീൻപിടിത്തം. മത്സ്യ സമ്പത്ത് വർദ്ധിപ്പിക്കാനായി മീൻ കുഞ്ഞുങ്ങളെ സർക്കാർ നിക്ഷേപിച്ചതും പ്രളയകാലത്ത് വളർത്തൽ കേന്ദ്രങ്ങിൽ നിന്നും ഡാമുകളിൽ നിന്നും ഒഴുകി വന്നതുമായ മീൻ കൂട്ടങ്ങൾ പെറ്റുപെരുകിയതുമാണ് ഇപ്പോഴത്തെ ചാകരയ്ക്ക് കാരണം.
ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ നിരവധി ചെറുപ്പക്കാർ രാവിലെ മുതൽ തുടങ്ങുന്ന മീൻപിടുത്തം അർദ്ധരാത്രി വരെ നീളും. അരക്കിലോ മുതൽ ഒൻപത് കിലോ വരെയുളള മത്സ്യങ്ങളെ ലഭിക്കുന്നുണ്ട്. കട്ടില, കരിമീൻ, റെഡ്ബല്ലി, തൂളി, ആരകൻ, വരാൽ, വാള തുടങ്ങി പലയിനം മീനുകൾ.
ആറ്റിൽ നിന്ന് മീൻപിടിച്ച് റോഡിലെത്തുന്ന താമസം വിൽപന നടക്കും. ,ആവശ്യക്കാർ ചോദിക്കുന്ന വില നൽകി വാങ്ങുമെന്ന് മീൻ പിടുത്തം നടത്തുന്ന മേസ്തിരിപ്പണിക്കാരനായ ഷിബു പറയുന്നു. '' ഹോട്ടലുകാർ നേരത്തേ പറഞ്ഞുവയ്ക്കും. കടൽ മത്സ്യങ്ങൾ കേടാകാതിരിക്കാൻ രാസ വസ്തുക്കൾ ചേർക്കുന്നുവെന്ന ആശങ്കയും വിലയിലെ വ്യത്യാസവും ആറ്റുമീനെ പ്രിയങ്കരമാക്കുന്നു. മൂന്ന്, നാലു മണിക്കൂർ സമയം ചെലവിട്ടാൽ എഴുനൂറു മുതൽ ആയിരം രൂപവരെ സമ്പാദിക്കാൻ കഴിയുന്നുണ്ട്. ഞങ്ങളുടെ വീടുകളിലും ഈ മീനുകളാണ് ഉപയോഗിക്കുന്നത്. ചൂണ്ടയ്ക്കും നൂലിനും ഇതിലിടുന്ന തീറ്റയ്ക്കുമായി ചെലവാകുന്ന തുകയും കുറവല്ല.''