പത്തനംതിട്ട: മിനി സിവിൽ സ്റ്റേഷനിലെ കോടതി കെട്ടിടം അപകടഭീഷണിയിൽ ഇന്നലെ രാവിലെ പതിനൊന്നരയോടെ താഴത്തെ നിലയിൽ സബ് കോടതിക്കു മുന്നിലെ കോൺക്രീറ്റ് ബീം ഇടിഞ്ഞുവീണു. സമീപത്തുണ്ടായിരുന്ന അഡ്വക്കേറ്റ് ക്ളാർക്കുമാരായ സന്തോഷും മണിയും പരിക്കില്ലാതെ രക്ഷപ്പെട്ടു. ദിവസവും ആയിരക്കണക്കിന് ആളുകൾ വന്നുപോകുന്നതാണ് കോടതി. സിവിൽ കോടതി അവധിയായതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. രണ്ടുവർഷം മുമ്പ് ലക്ഷങ്ങൾ ചെലവാക്കി അറ്റകുറ്റപ്പണി നടത്തി ബലപ്പെടുത്തിയ കെട്ടിടത്തിന്റെ തൂണുകൾക്കിടയിലെ ബീമാണ് ഇടിഞ്ഞുവീണത്.
ആളുകൾ ഇൗ ഭാഗത്ത് നിൽക്കാതിരിക്കാൻ ജീവനക്കാർ ഡെസ്കും ബഞ്ചും ഇട്ട് തടസമുണ്ടാക്കിയിരിക്കുകയാണ്. കെട്ടിടത്തിന്റെ ബീമുകളുടെ കോൺക്രീറ്റുകളെല്ലാം ഇളകിവീഴുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയെ തുടർന്ന് ബീമുകളിൽ വെളളം ഇറങ്ങിയാണ് കോൺക്രീറ്റുകൾ ഇളകുന്നത്. ഇൗ ഭാഗത്തെ കമ്പികൾ തെളിഞ്ഞുകാണാം.
കഴിഞ്ഞ ദിവസം അബ്കാരി കോടതിക്കു സമീപം എ.പി.പിയുടെ മുറിക്ക് സമീപത്തെ ഭിത്തി പിളർന്നുമാറി വിടവ് രൂപപ്പെട്ടിരുന്നു.
മിനി സിവിൽ സ്റ്റേഷനിലെ കോടതികളും താലൂക്ക് ഒാഫീസും പ്രവർത്തിക്കുന്ന കെട്ടിടങ്ങളുടെ കോൺക്രീറ്റുകൾ നേരത്തെ മുതൽ ഇളകി വീഴുന്നുണ്ടെങ്കിലും അറ്റകുറ്റപ്പണികൾ നടത്താറില്ലെന്ന് ജീവനക്കാർ പറയുന്നു. ഭയത്തോടെയാണ് ഒാഫീസുകളിൽ ഇരിക്കുന്നതും വരാന്തയിലൂടെ നടക്കുന്നതും. ജില്ലയിലെ 12 കോടതികൾ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്നുണ്ട്. താലൂക്ക് ഒാഫീസും സബ് ട്രഷറിയും ഇവിടെയാണ് . പൊതുമരാമത്ത് ബിൽഡിംഗ് വിഭാഗത്തിന്റെ ഒാഫീസും മിനി സിവിൽ സ്റ്റേഷനിലാണ്. എന്നിട്ടും കെട്ടിടം ബലപ്പെടുത്താൻ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. കോടതികളിലും മറ്റ് ഒാഫീസുകളിലും വരുന്ന പൊതുജനങ്ങൾ അപകട ഭീഷണി അറിയാതെയാണ് വരാന്തകളിലും മറ്റും നിൽക്കുന്നത്. പൊളിഞ്ഞു വീഴാറായ കെട്ടിടത്തിൽ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട് അഡ്വക്കേറ്റ് ക്ളാർക്ക് അസോസിയേഷൻ ജില്ലാ കളക്ടർക്ക് പരാതി നൽകി.
....
ഭയത്തോടെയാണ് ഞങ്ങൾ കോടതികളിലെത്തുന്നത്. ഏതു നിമിഷവും തലയിൽ കോൺക്രീറ്റ് ഇളകി വീഴാം. ഇന്നലെ കോടതി അവധിയായതിനാലാണ് ദുരന്തം ഉണ്ടാകാതിരുന്നത്.
ആർ. സുരേഷ്, അഡ്വക്കേറ്റ് ക്ളാർക്ക് അസാേസിയേഷൻ ജില്ലാ സെക്രട്ടറി.