തിരുവല്ല: ഹരിപ്പാട് ഭാഗത്തക്കുള്ള സർവീസുകൾ മുടങ്ങിയതിൽ പ്രതിക്ഷേധിച്ച് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ യാത്രക്കാർ ഉപരോധിച്ചു. മറ്റ് ഡിപ്പോകളിൽ നിന്നുമെത്തിയ ബസുകളും പ്രതിഷേധത്തിൽ കുടുങ്ങി. ഇന്നലെ വൈകിട്ട് അഞ്ചരയോടെ ആയിരുന്നു അമ്പതോളം യാത്രക്കാർ ചേർന്ന് ഒരു മണിക്കൂറോളം നേരം ബസുകൾ തടഞ്ഞിട്ട് പ്രതിഷേധിച്ചത്. എടത്വ വഴി ഹരിപ്പാട്ടേക്ക് ഒരു മണിക്കൂറിലേറെ നേരം ബസുകൾ ഇല്ലാതിരുന്നതാണ് പ്രതിക്ഷേധത്തിന് കാരണമായത്. പ്രതിക്ഷേധം നീണ്ടതോടെ മറ്റ് ബസുകളിൽ എത്തി സ്റ്റാൻഡിൽ കുടുങ്ങിയ യാത്രക്കാരും ബഹളം വെച്ചു. ദേശസാൽകൃത റൂട്ടായ തിരുവല്ല - അമ്പലപ്പുഴ റൂട്ടിൽ വൈകുന്നേരങ്ങളിൽ ബസുകളുടെ കുറവ് കാരണം മുമ്പും യാത്രക്കാരുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കെ.എസ്.ആർ.ടി.സി ബസുകളെ മാത്രം ആശ്രയിച്ച് നൂറുകണക്കിന് യാത്രക്കാരാണ് പെരുവഴിയിൽ കാത്തുനിൽക്കുന്നത്. ഒടുവിൽ ആറരയോടെ ചങ്ങനാശേരി ഡിപ്പോയിൽ നിന്നുള്ള ഹരിപ്പാട് ബസ് എത്തിയതോടെയാണ് യാത്രക്കാരുടെ പ്രതിക്ഷേധം അവസാനിച്ചത്. ഹരിപ്പാട് നിന്നും എടത്വ വരെയുള്ള ഭാഗത്തെ റോഡിന്റെ ശോച്യാവസ്ഥയാണ് ട്രിപ്പുകൾ വൈകാൻ ഇടയാക്കുന്നതെന്നാണ് കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നത്. എന്നാൽ ജീവനക്കാരുടെ ആലംഭാവമാണ് ട്രിപ്പുകൾ മുടങ്ങാൻ കാരണമെന്നാണ് യാത്രക്കാരുടെ പരാതി.