lepo

കുഷ്ഠരോഗ നിർണയത്തിന് വീടുകളിലെത്തി പരിശോധന നാളെ മുതൽ, ജില്ലയിലെ 350015 വീടുകളിൽ പരിശോധന , 3552 വോളന്റിയർമാർ, ജില്ലയിൽ 15 കുഷ്ഠരോഗികൾ.

പത്തനംതിട്ട: നാളെ മുതൽ മെയ് പന്ത്രണ്ട് വരെയുളള ഒരു ദിവസം ആരോഗ്യവകുപ്പിൽ നിന്ന് ഒരു വനിതയും പുരുഷനും വീട്ടിൽ വരും. അവർ വാളണ്ടിയർമാരാണ്. വീട്ടിലെ പുരുഷൻമാർ പുരുഷ വാളണ്ടിയറെയും വനിതകൾ വനിതാ വാളണ്ടിയറെയും ശരീരം കാണിക്കണം. കുഷ്ഠരോഗ നിർണയത്തിന്റെ ഭാഗമായാണ് വാളണ്ടിയർമാർ എത്തുന്നത്. തൊലിപ്പുറത്ത് നിറം മങ്ങിയതും ചുവന്നതും സ്പർശന ശേഷി ഇല്ലാത്തതുമായ പാടുകൾ, തടിപ്പ്, മരവിപ്പ്, ബലക്ഷയം, വേദനയില്ലാത്തതും ഉണങ്ങാത്തതുമായ വൃണങ്ങൾ, ചെവിക്കുടയിലെ ചെറിയ മുഴകൾ തുടങ്ങിയവ ഉണ്ടെങ്കിൽ വാളണ്ടിയർമാരെ കാണിക്കണം.

'അശ്വമേധം' എന്നു പേരിട്ടിരിക്കുന്ന പദ്ധതി മേയ് 12വരെ ജില്ലയിൽ നടക്കും. കുഷ്ഠരോഗത്തെ സംബന്ധിച്ച് നിലനിന്ന തെറ്റായ ധാരണകളെ അകറ്റുന്നതിൽ പ്രധാന പങ്കുവഹിച്ച തോപ്പിൽ ഭാസിയുടെ 'അശ്വമേധം' നാടകത്തെ ഒാർമിപ്പിക്കുന്നതാണ് പദ്ധതിയുടെ പേര്.

ജില്ലയിൽ 350015വീടുകളിൽ വോളന്റിയർമാർ സന്ദർശിച്ച് ത്വക്ക് രോഗ പരിശോധന നടത്തും. ഇതിനായി 3552 വോളന്റിയർമാരെയാണ് നിയോഗിച്ചിട്ടുള്ളത്.

അശ്വമേധത്തിന്റ ആദ്യഘട്ടം കഴിഞ്ഞ ഡിസംബറിൽ എട്ടുജില്ലകളിൽ നടത്തിയിരുന്നു. രണ്ടാം ഘട്ടത്തിൽ പത്തനംതിട്ടയുൾപ്പടെ അവശേഷിക്കുന്ന ആറുജില്ലകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ എട്ടുജില്ലകളിൽ നിന്നായി 194 പുതിയ ബാധിതരെ കണ്ടെത്തിയിരുന്നു. ഇതിൽ 20പേർ കുട്ടികളാണ്. 2018 -19ലെ കണക്കുകൾ പ്രകാരം പത്തനംതിട്ട ജില്ലയിൽ 15കുഷ്ഠരോഗികളെയാണ് കണ്ടെത്തിയത്. രോഗം സംശയിക്കപ്പെടുന്നവർക്ക് വിദഗ്ദ്ധ പരിശോധനയും രോഗബാധിതർക്ക് സൗജന്യ ചികിത്സയും മരുന്നും എല്ലാ താലൂക്ക് ആശുപത്രികളിലും സൗജന്യമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.എൽ.ഷീജ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അടുത്ത വർഷത്തോടെ കുഷ്ഠരാേഗത്തെ സംസ്ഥാനത്ത് നിന്ന് നിർമാർജനം ചെയ്യുകയാണ് ലക്ഷ്യം.

ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.എബി സുഷൻ, ഡോ.നിരൺ ബാബു, ജെ.ലതിക കുമാരിസ ടി.ക.അശോകേ കുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

....

'' രോഗ നിർണയത്തിന് വീടുകളിലെത്തുന്നവരെ എതിർക്കരുത്. ദേഹത്തെ പാടുകൾ കാണിക്കണം. രോഗം കണ്ടുപിടിച്ചാലേ മറ്റുളളവരിലേക്ക് പകരുന്നത് തടയാനാകൂ. രോഗം പരത്തുന്നത് ബാക്ടീരിയയാണ്. രോഗം പൂർണമായി ഇല്ലാതാക്കുന്ന മരുന്നുകൾ എല്ലാ ആശുപത്രികളിലും ലഭ്യാണ്.

ഡോ.എ.എൽ.ഷീജ, ജില്ലാ മെഡിക്കൽ ഓഫീസർ.