തിരുവല്ല: ലക്ഷങ്ങൾ ചെലവഴിച്ച് നവീകരണം നടന്നെങ്കിലും എങ്ങോട്ടൊഴുകും എന്നറിയാതെ കോട്ടച്ചാൽ വഴിമുട്ടിയിരിക്കുകയാണ്. നൂറ്റാണ്ടുകളുടെ ചരിത്രം പേറി കടപ്ര - നിരണം പഞ്ചായത്തുകളിലൂടെ ഒഴുകിയിരുന്ന കോട്ടച്ചാൽ ജലപാതയാണ് കൈയേറ്റത്തിൽ വീർപ്പുമുട്ടുന്നത്. രണ്ടരമാസം മുമ്പ് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് നീർത്തട വികസന പദ്ധതിയിലുൾപ്പെടുത്തി ഏഴു ലക്ഷം രൂപ ചെലവിൽ കോട്ടച്ചാൽ നവീകരിക്കുകയുണ്ടായി. പായലും പോളയും നിറഞ്ഞുകിടന്ന ചാലിന്റെ കുറേഭാഗം ആഴംകൂട്ടി നവീകരിച്ചു. പമ്പാനദിയിൽ വരമ്പിനകത്തുമാലി മണലിത്തറ ഭാഗത്തു നിന്ന് തുടങ്ങി പാലത്തുംകുഴി വഴി തിരുവല്ല - മാവേലിക്കര റോഡു കടന്ന് വീണ്ടും പമ്പയാറ്റിൽ എത്തിച്ചേരുന്നതാണ് കോട്ടച്ചാൽ. തോമാശ്ലീഹ വന്നിറങ്ങിയെന്ന് വിശ്വസിക്കപ്പെടുന്ന തോമത്ത് കടവ് കോട്ടച്ചാലിന്റെ കരയിലാണ്. അഞ്ചര കിലോമീറ്റർ നീളം വരുന്ന ചാലിന് പല സ്ഥലത്തും 60 അടി വരെ വീതിയുണ്ടായിരുന്നു. ജലപാതകൾ സജീവമായിരുന്ന കാലത്ത് കോട്ടച്ചാലിലൂടെ പായ്കപ്പലുകൾ ധാരാളമായി പോയിരുന്നതായി പഴമക്കാർ പറയുന്നു. എന്നാൽ ഇപ്പോൾ നാലിലൊന്നു വീതി മാത്രമാണുള്ളത്. വരട്ടാറിലെ കൈയേറ്റം ഒഴിപ്പിച്ച് നീരൊഴുക്ക് സാദ്ധ്യമാക്കിയ നാട്ടിൽ കോട്ടച്ചാലിലെ കൈയേറ്റവും ഒഴിപ്പിക്കാൻ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
മുഖം മറച്ച് ഒന്നര കിലോമീറ്റർ
ആകെ അഞ്ചര കിലോമീറ്റർ നീളമുണ്ടായിരുന്ന കോട്ടച്ചാലിന്റെ മൂന്നര കിലോമീറ്റർ ഭാഗത്ത് മാത്രമാണ് നവീകരണം നടന്നത്. ബാക്കിയുള്ള ഒന്നര കിലോമീറ്റർ ദൂരത്തിൽ കൈയേറ്റം ശക്തമാണ്. നവീകരണം നടത്തിയെങ്കിലും തിരുവല്ല - മാവേലിക്കര റോഡിന് സമീപം വ്യാപകമായ കൈയേറ്റമാണ് നടന്നിട്ടുള്ളത്. ഈ ഭാഗത്തൂടെ കോട്ടച്ചാലിന് പമ്പാനദിയിലേക്ക് ഒഴുകി എത്തിച്ചേരാൻ സാധിക്കാത്ത സാഹചര്യമാണ്. കൈയേറ്റങ്ങൾ കാരണം കോട്ടച്ചാലിന്റെ മുഖംമറച്ചു കളഞ്ഞു. ഒന്നര കിലോമീറ്ററോളം ഭാഗം ഇപ്പോഴും കൈയേറ്റക്കാരുടെ കൈവശമായതിനാൽ കോട്ടച്ചാൽ പുനരുജ്ജീവനം പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. പാലയ്ക്കാംതകിടി പാലം കടക്കാൻ കോട്ടച്ചാലിനു കഴിഞ്ഞിട്ടില്ലെന്നു നാട്ടുകാർ പറഞ്ഞു. ഈഭാഗം മുഴുവൻ കൈയേറ്റക്കാരുടെ കൈയിലാണ്. എല്ലാവരും നികത്തി തോട് കരയാക്കി മാറ്റിയിരിക്കുകയാണ്. കടപ്ര പഞ്ചായത്തിലെ ഭാഗങ്ങളിലാണ് കൈയേറ്റങ്ങൾ ഏറെയും.