acci-car
പ്രാവിൻ കൂട് ഇരമല്ലിക്കരറോഡിൽ പള്ളിവേട്ടയാലിനു സമീപം കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ട കാർ

ചെങ്ങന്നൂർ: ഒരു വർഷം മുൻപ് പുതുക്കിപ്പണിത പ്രാവിൻകൂട്-ഇരമല്ലിക്കര റോഡിന്റെ ഇരുവശവും സഞ്ചാര യോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. പ്രാവിൻ കൂട് ഇരമല്ലിക്കര 5 കിലോമീറ്റർ നീളം വരുന്നറോഡ് 8 മീറ്റർ വീതിയിലാണ് പുനർനിർമ്മിക്കുന്നതിനാണ് കാരാർ നൽകിയിരുന്നത്. ഇവിടെ 5 മീറ്റർ വീതിയിൽ ടാറിംഗ് നടത്തി. ബാക്കി 3 മീറ്റർ (10 അടി) റോഡിന്റെ ഇരുവശങ്ങളും രണ്ടടി വീതം കോൺക്രീറ്റും ബാക്കി 6 അടി മണ്ണ് ഇട്ട് ഉയർത്തി റോഡിനു സമം ആക്കി ഉയർത്തണം. റോഡു നിർമ്മാണം പൂർത്തിയാക്കിയെങ്കിലും വശങ്ങളുടെ നിർമ്മാണ പ്രവർത്തികൾ നടത്താതായതോടെ ഇവിടെ അപകടങ്ങൾ തുടർക്കഥയാവുകയാണ്. കഴിഞ്ഞ ദിവസം ബൈക്കും കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം നടന്നിരുന്നു. ഇരമല്ലിക്കര ഭാഗത്തു നിന്നും വന്ന ഓട്ടോറിക്ഷയെ മറികടന്നു വന്ന ഇരുചക്രവാഹനത്തെ രക്ഷിക്കുവാനായി പ്രാവിൻ കൂട് ഭാഗത്തു നിന്നും വന്ന കാർ വെട്ടിച്ച് വശത്തേക്ക് മാറ്റി. ഇതോടെ കാറിന്റെ ഇടത്തുവശത്തെ വീലുകൾറോഡിന്റെ പാർശ്വഭാഗത്തേക്ക് ഇടിച്ചിറങ്ങി. ബൈക്ക് കാറിന്റെ വലതുഭാഗത്ത് ഇടിച്ച് മറിഞ്ഞു.

രണ്ടു ജീവൻ പൊലിഞ്ഞിട്ടും അധികൃത‌ർക്ക് അനക്കമില്ല

കഴിഞ്ഞ ഒരുവർഷത്തിനിടയിൽ അപകടത്തിൽപെട്ട് രണ്ടു പേരുടെ ജീവൻ നഷ്ടപ്പെടുകയും 15ല്പരം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടും അധികൃതരുടെ നിസംഗത തുടരുകയാണ്. റോഡ് ഒരടിയിൽ കൂടുതൽ ഉയർന്നതോടെ വേഗതയിൽ വരുന്ന വാഹനങ്ങൾ പലപ്പോഴും വശങ്ങളിലേക്ക് പെട്ടെന്ന് മാറ്റേണ്ടിവരുന്നതോടെ വശങ്ങളിലെ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടങ്ങൾ സംഭവിക്കുന്നത്.
ഇത് സംബന്ധിച്ച് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 2018 ഡിസംബറിൽ റോഡിൽ കുറച്ച് ഭാഗം മണ്ണിട്ട് ഉയർത്തുകയും ചില ഭാഗങ്ങളിൽ കോൺക്രീറ്റ് ചെയ്യുകയും ചെയ്തു. എന്നാൽ നിർമ്മാണം പൂർത്തിയാകാത്തതാണ് അപകടം തുടർക്കഥയാകുന്നത്.

നിർമ്മാണം തുടങ്ങിയത് 2017ൽ

2017ൽ കാവുങ്കൽ കൺസ്ട്രക്ഷൻ 5.60കോടി രൂപയ്ക്കാണ് പൊതുമരാമത്ത് വകുപ്പിൽ നിന്നുംറോഡ് നിർമ്മാണത്തിന് കരാർ എറ്റെടുത്തത്. എന്നാൽ റോഡ്‌ നിർമ്മാണം സമയബന്ധിതമായി നടത്താൻ കരാറുകാരന് സാധിച്ചില്ല.

പ്രക്ഷോഭം ആരംഭിക്കും: ഗ്രാമം കൂട്ടായ്മ

റോഡു നിർമ്മാണത്തിലെ അപാകത അടിയന്തിരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് തിരുവൻവണ്ടൂർ എന്റെ ഗ്രാമം കൂട്ടായ്മ നാളെ രാവിലെ 11ന് പഞ്ചായത്ത് പടിക്കൽ പ്രക്ഷോഭം ആരംഭിക്കും.

അപകടങ്ങൾ കുറക്കാനുളള നടപടി അടിയന്തിരമായി സ്വീകരിക്കും. റോഡിൽ അപകടകരമായ തരത്തിൽതാഴ്ചയുളള ഭാഗങ്ങളിൽ സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കാനും മണ്ണ് നിറയ്ക്കാനുള്ള ഭാഗങ്ങളിൽ ഉടൻ അതിനുള്ള സംവിധാനം ചെയ്യുവാനും ബന്ധപ്പെട്ടവർക്ക്‌നിർദ്ദേശം നൽകിയിട്ടുണ്ട്.

ബി. ബിനു

(പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എൻജീനീയർ)