കൊടുമൺ: ചന്ദ്രനപ്പളളി സെന്റ് ജോർജ് ഒാർത്തഡോക്സ് വലിയ പളളിയിലെ പെരുന്നാൾ ആഘോഷത്തിന് ഇന്നു വൈകിട്ട് ആറിന് കൊടിയേറും. മെയ് ഏഴ്, എട്ട് ദിവസങ്ങളിലാണ് ഒാർമ്മപ്പെരുന്നാൾ. മലങ്കര മെത്രാപ്പൊലീത്ത ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കത്തോലിക്കാ ബാവ, തുമ്പമൺ ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ ക്ളിമ്മിസ് മെത്രാപ്പൊലീത്ത, ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രാപ്പൊലീത്ത, ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പൊലീത്ത തുടങ്ങിയവർ കാർമികത്വം വഹിക്കുമെന്ന് വികാരി ഫാ. വർഗീസ് കളീക്കൽ, ട്രസ്റ്റി ബാബുജി കോശി, സെക്രട്ടറി ജോയി ടി.ജോൺ തടത്തി എന്നിവർ അറിയിച്ചു.
മെയ് ഒന്നിന് വിശുദ്ധ മൂന്നിൻമേൽ കുർബാനയും മദ്ധ്യസ്ഥ പ്രാർത്ഥനയും വിവിധ സമ്മേളനങ്ങളും നടക്കും. മലങ്കര സഭയിലെ ദേവാലയങ്ങളിൽ നിന്നെത്തുന്ന പദയാത്രകൾക്ക് മെയ് ഏഴിന് ചന്ദനപ്പളളി സ്വീകരണം നൽകും.രാത്രി എട്ടിന് ഭക്തിനിർഭരമായ റാസ പളളിയിൽ നിന്നാരംഭിച്ച് സെന്റ്തോമസ് കുരിശടി, ചന്ദനപ്പളളി ജംഗ്ഷൻ, ഇടത്തിട്ട കുരിശടി, വളത്തുകാട് ചെമ്പിൻമൂട് എന്നിവിടങ്ങളിലെ ധൂപ പ്രാർത്ഥനകൾക്കും സ്വീകരണങ്ങൾക്കും ശേഷം പളളിയിൽ തിരികെയെത്തും.
മെയ് എട്ടിന് നടക്കുന്ന തീർത്ഥാടക സംഗമത്തിൽ സഭാഗുരുരത്നം റവ.ഫാ. ഡോ. ടി.ജെ.ജോഷ്വയ്ക്ക് ഒാർഡർ ഒഫ് സെന്റ് ജോർജ് ബഹുമതി നൽകി ആദരിക്കും. മാർത്തോമ പൗലോസ് ദ്വതീയൻ ബാവ ഉദ്ഘാടനം ചെയ്യും. മൂന്നിന് ചെമ്പെടുപ്പ് റാസ. പ്രസിദ്ധമായ ചന്ദനപ്പളളി ചെമ്പെടുപ്പ് വൈകിട്ട് അഞ്ചിന് ആരംഭിക്കും.