തിരുവല്ല: ഓർത്തോഡോക്സ്- യാക്കോബായ സഭകൾ തമ്മിൽ തർക്കം നിലനിൽക്കുന്ന മേപ്രാൽ സെന്റ് ജോൺസ് ഓർത്തോഡോക്സ് പള്ളിയിൽ ആരാധനയെ ചൊല്ലി സംഘർഷാവസ്ഥ. പ്രശ്ന പരിഹാരത്തിനായി തഹസിൽദാർ ബേബി ശശിയുടെ ചേംബറിൽ ഇന്ന് യോഗം നടക്കും. ഈ പള്ളിയിലെ ആരാധനയെ ചൊല്ലി തർക്കം നിലനിന്നിരുന്നതിനാൽ ശനി, ഞായർ ദിവസങ്ങളിൽ ഇരുവിഭാഗങ്ങളും മാറി മാറിയാണ് പ്രാർത്ഥന നടത്തിയിരുന്നത്. കഴിഞ്ഞയാഴ്ച ഓർത്തോഡോക്സ് സഭയ്ക്ക് അനുകൂലമായ കോടതിവിധിയെ തുടർന്ന് ഇന്നലെ വൈകിട്ട് അഞ്ചിന് പ്രാർത്ഥനയ്ക്കായി പള്ളിക്കുള്ളിൽ കയറിയ ഓർത്തൊഡോക്സ് സഭാ വിശ്വാസികൾ ആറിന് ശേഷവും പുറത്തിറങ്ങിയില്ല. ആറിന് പള്ളിയിലെത്തിയ യാക്കോബായ സഭാ വിശ്വാസികളെ പള്ളിയുടെ പരിസരത്തേക്ക് കയറ്റാതെ ഓർത്തോഡോക്സ് വിഭാഗം തടയുകയും ചെയ്തതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. തുടർന്ന് ഡി.വൈ.എസ്.പി ജെ. ഉമേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കിയത്. ഇതിനിടെ ഒരുകൂട്ടം ഓർത്തോഡോക്സ് സഭാംഗങ്ങൾ പള്ളിക്കുള്ളിൽ കയറി വാതിലുകൾ അകത്തുനിന്ന് പൂട്ടി. മറ്റ് ചിലർ യാക്കോബായ സഭാംഗങ്ങളെ തടയാനായി പള്ളി മുറ്റത്തും നിലകൊണ്ടു. തുടർന്ന് ഓർത്തോഡക്‌സ് സഭാ സെക്രട്ടറി ബിജു ഉമ്മന്റെ നേതൃത്വത്തിലും യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസിന്റെ നേതൃത്വത്തിലുമുള്ള വൈദിക സംഘവും സ്ഥലത്തെത്തി. കൂടുതൽ വിശ്വാസികൾ സ്ഥലത്ത് തടിച്ചുകൂടിയത് വീണ്ടും സംഘർഷാവസ്ഥയുണ്ടാക്കി. തുടർന്ന് തഹസിൽദാറിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് പ്രശ്നം ഇന്ന് ചർച്ച ചെയ്യാമെന്ന് ധാരണയായത്. വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.