തിരുവല്ല : ഓർത്തഡോക്സ്, യാക്കോബായ സഭാ തർക്കത്തെ തുടർന്ന് മേപ്രാൽ സെന്റ് ജോൺസ് ഓർത്തഡോക്സ് പളളിയിൽ ഉണ്ടായ സംഘർഷാവസ്ഥയ്ക്ക് അയവില്ല. ഇന്നലെ രാവിലെ എട്ട് മണിയോടെ കുർബാനയ്ക്കായി എത്തിയ യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മോർ കൂറിലോസ് മെത്രാപ്പൊലീത്തയെയും വൈദികരെയും വിശ്വാസികളെയും പള്ളിയിലേക്ക് പ്രവേശിക്കാൻ ഓർത്തഡോക്സ് വിശ്വാസികൾ അനുവദിച്ചില്ല. ഇതോടെയാണ് വീണ്ടും സംഘർഷാവസ്ഥ ഉടലെടുത്തത്. തുടർന്ന് പൊലീസ് ഇടപെട്ട് ഇരുവിഭാഗങ്ങളെയും രണ്ട് ഭാഗങ്ങളിലേക്ക് മാറ്റി. തുടർന്ന് ഗീവർഗീസ് മോർ കൂറിലോസ് മെത്രാപ്പൊലീത്താ ഉൾപ്പെടെ ഇരുനൂറ്റി അമ്പതോളം വരുന്ന യാക്കോബായ വിശ്വാസികൾ പള്ളിക്ക് മുമ്പിലെ റോഡിൽ നിലയുറപ്പിച്ചു. ഒമ്പതരയോടെ സ്ഥലത്തെത്തിയ സബ് കളക്ടർ വിനയ് ഗോയൽ ഓർത്തഡോക്സ് സഭ നേതാക്കളുമായി അനുരഞ്ജന ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. . അടുത്ത ആഴ്ച ആരാധനകളിൽ പങ്കുചേരാൻ വിശ്വാസികളെ അനുവദിക്കാമെന്നും യാക്കോബായ സഭാ അദ്ധ്യക്ഷന്മാരെയും വികാരിമാരെയും പള്ളിക്കുളളിൽ കയറാൻ അനുവദിക്കില്ലെന്നുമുള്ള മുൻ നിലപാടിൽ ഓർത്തഡോക്സ് വിഭാഗം ഉറച്ചു നിന്നു. കഴിഞ്ഞ ശനിയാഴ്ച മുതൽ ഇരുവിഭാഗങ്ങളും തമ്മിൽ പളളി പ്രവേശനം സംബന്ധിച്ച് തർക്കത്തിലാണ്. തുടർന്ന് പത്തരയോടെ സബ് കളക്ടറുടെ ചേമ്പറിൽ ജില്ലാ കളക്ടർ പി.ബി. നൂഹിന്റെ നേതൃത്വത്തിൽ ഇരു വിഭാഗങ്ങളുടെയും നേതൃത്വവുമായി ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. കളക്ടർ നേരിട്ട് പളളിയിലെത്തി വിശ്വാസികളോടും നേതാക്കളോടും സംസാരിച്ചെങ്കിലും വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാക്കാൻ ഇരുകൂട്ടരും വിസമ്മതിച്ചു. തുടർന്ന് ക്രമസമാധാന പ്രശ്നമുണ്ടായാൽ നടപടിയെടുക്കുമെന്ന മുന്നറിയിപ്പ് ഇരു വിഭാഗങ്ങൾക്കും നൽകി കളക്ടർ മടങ്ങി. പള്ളിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് സുപ്രിം കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ ചുവട് പിടിച്ച് തിരുവല്ല മുൻസിഫ് കോടതി ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായ വിധി പ്രഖ്യാപിച്ചതിനെ തുടർന്നാണ് യാക്കോബായ വിശ്വാസികളെ പള്ളിയിൽ കയറ്റില്ല എന്ന നിലപാട് ഓർത്തഡോക്സ് വിഭാഗം സ്വീകരിച്ചത്. ഉച്ചയ്ക്ക് 2 മണിയോടെ ഇരു വിഭാഗങ്ങളും പിരിഞ്ഞു പോയി. അടുത്ത ശനിയാഴ്ചയാണ് ഇരു വിഭാഗങ്ങളും ആരാധനയ്ക്കായി ഇനി വീണ്ടും പള്ളിയിൽ എത്തുക. അതുവരെയും പ്രശ്നങ്ങൾ ഉണ്ടാവില്ല എന്ന പ്രതീക്ഷയാണുള്ളത്. ക്രമസമാധാന പ്രശ്നം മുൻനിറുത്തി എസ്.പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം പള്ളിയിലും പരിസര പ്രദേശങ്ങളിലും ക്യാമ്പ് ചെയ്യുന്നുണ്ട്.