പത്തനംതിട്ട : മാർത്തോമ്മാ സ്റ്റുഡന്റ്സ് കോൺഫറൻസിന്റെ 109-ാം അന്തർദേശീയ വാർഷിക സമ്മേളനം മേയ് 21 മുതൽ 24 വരെ പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.
പ്ലസ് ടു പഠനം പൂർത്തിയാക്കിയവർ മുതൽ ഉന്നത വിദ്യാഭ്യാസ കോഴ്സുകളിലും ഗവേഷണ രംഗത്തും പഠനം നടത്തുന്നവർ ഉൾപ്പെടെയുള്ള വിദ്യാർത്ഥി സമൂഹത്തിന്റെ ആഗോള കൂടിവരവാണ് ഈ സമ്മേളനം. 'മനുഷ്യാവകാശത്തിനും നീതി ദർശനത്തിനും പാതയൊരുക്കുന്ന ക്രൈസ്തവ വിശ്വാസം' എന്നതാണ് ഈ വർഷത്തെ പഠനവിഷയം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നുമായി അഞ്ഞൂറിൽ അധികം വിദ്യാർത്ഥികൾ പങ്കെടുക്കും. 21ന് വൈകിട്ട് 5ന് മാർത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത സമ്മേളനം ഉദ്ഘാടനം ചെയ്യും.
പത്തനംതിട്ട മാർത്തോമ്മാ പള്ളിയിൽ നടന്ന ഒരുക്കസമ്മേളനം റാന്നി - നിലയ്ക്കൽ ഭദ്രാസന വികാരി ജനറാൽ വെരി. റവ.സ്കറിയ ഏബ്രഹാം ഉദ്ഘാടനം ചെയ്തു. കോൺഫറൻസ് പ്രസിഡന്റ് ഡോ.റോയ്സ് മല്ലശേരി അധ്യക്ഷത വഹിച്ചു. റവ.സി.ജേക്കബ് ജോർജ്, റവ. അനിൽ തോമസ്, റവ.ജോജിജേക്കബ്, അഡ്വ.ജേക്കബ് വർഗീസ്, സാം ചെമ്പകത്തിൽ, സാം പാറപ്പാട്ട്, സാം സി.കോശി, വിൻസെന്റ്തോമസ്, മാത്യു വർഗീസ്, ഗീത മാത്യു, ബാബു വർഗീസ്, മാത്യൂസൺ പി.തോമസ്,ജോർജ് കെ.നൈനാൻ, സാം മാത്യു വാര്യാപുരം, പി.എം.ജോൺസൺ എന്നിവർ പ്രസംഗിച്ചു. പ്രൊഫ.പി.ജി. ഫിലിപ്പ് (സീനിയർ സെക്രട്ടറി), പ്രൊഫ.സിബിജോൺ, മാനസ് രാജു (ഓർഗനൈസിംഗ് സെക്രട്ടറിമാർ), അമൽ ഏബ്രഹാംജേക്കബ്, ജിബി റെയ്ച്ചൽജോയ് (സ്റ്റുഡന്റ്സ് സെക്രട്ടറിമാർ), സി. സാം മാത്യു (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. കോൺഫറൻസ് രജിസ്ട്രേഷൻ അവസാന തീയതി മേയ് 15. രജിസ്ട്രേഷന്: mtsc2019@gmail.com.