പത്തനംതിട്ട: യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം ദേവസ്വം ബോർഡിനുണ്ടായ സാമ്പത്തിക പ്രതിസന്ധി മുൻകൂട്ടി കണ്ട് സ്വാമി അയ്യപ്പനാണ് ജീവനക്കാരുടെ പി.എഫ് ഫണ്ട് ധനലക്ഷ്‌മി ബാങ്കിന്റെ ബോണ്ടുകളിൽ നിക്ഷേപിക്കാൻ വഴിയൊരുക്കിയതെന്ന് ദേവസ്വം സെക്രട്ടറി ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ട് തിരുത്തും. റിപ്പോർട്ടിലെ പരാമർശം വിവാദമായിരുന്നു.
സാധാരണ ബോർഡിന്റെ അറിവോടെയാണ് ഹൈക്കോടതിയിൽ റിപ്പോർട്ട് കൊടുക്കുന്നത്. റിപ്പോർട്ടിൽ മാറ്റം വരുത്തണമെങ്കിൽ ബോർഡിന്റെ അനുമതി വേണം. എന്നാൽ, അയ്യപ്പസ്വാമിയാണ് എല്ലാത്തിനും വഴിയൊരുക്കിയത് എന്ന വാചകം തങ്ങൾ കണ്ട റിപ്പോർട്ടിലുണ്ടായിരുന്നില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറും അംഗം കെ.പി.ശങ്കരദാസും പറഞ്ഞു. അങ്ങനെ എഴുതിച്ചേർത്തത് ആരാണ്, അതിന്റെ കാരണമെന്ത് എന്നിവ സംബന്ധിച്ച് വിശദമായ റിപ്പോർട്ടു നൽകാൻ സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നാളെ ചേരുന്ന ബോർഡ് യോഗം ഇക്കാര്യം ചർച്ച ചെയ്യും. റിപ്പോർട്ട് തിരുത്തി വീണ്ടും ഹൈക്കോടതിയിൽ സമർപ്പിക്കും.
ദേവസ്വം ബോർഡ് ജീവനക്കാരുടെ പി.എഫ് തുക ബാങ്ക് ബോണ്ടുകളിൽ നിക്ഷേപിക്കാനെടുത്ത തീരുമാനത്തിൽ തെറ്റില്ല. ഒന്നര വർഷം മുൻപാണ് 150 കോടി നിക്ഷേപിച്ചത്. ബാങ്കിൽ നിന്ന് 11ശതമാനം പലിശ കിട്ടുന്നുണ്ട്. കഴിഞ്ഞ വർഷം പതിനാറ് കോടി കിട്ടി. ബോർഡിന് ഇപ്പോൾ സാമ്പത്തിക പ്രതിസന്ധിയില്ല.
-എ. പത്മകുമാർ ,ദേവസ്വം ബോർഡ് പ്രസിഡന്റ്