ചെങ്ങന്നൂർ: മഹാപ്രളയത്തിൽ തോടുകളിലും തണ്ണീർത്തടങ്ങളിലും അടിഞ്ഞുകൂടിയ എക്കലും ചെളിയും നീക്കം ചെയ്യാത്തതിനെ തുടർന്ന് ചെങ്ങന്നൂർ വീണ്ടും വെളളപ്പോക്ക ഭീഷണിയിൽ. കഴിഞ്ഞ ദിവസം പെയ്ത വേനൽ മഴയിൽ താലൂക്കിലെ ഒട്ടുമിക്ക തോടുകളിലും വെളളക്കെട്ട് രൂപപ്പെട്ടു. പമ്പ-അച്ചൻകോവിൽ നദികൾ അതിരുകളായി ഒഴുകുന്ന ചെങ്ങന്നൂർ താലൂക്കിൽ നിരവധി തോടുകളും തണ്ണീർത്തടങ്ങളുമാണ് ഉളളത്. കഴിഞ്ഞ പ്രളയകാലത്ത് പമ്പ-അച്ചൻകോവിൽ നദികൾ കരകവിഞ്ഞും ഗതിമാറിയും ഒഴുകിയതോടെയാണ് താഴ്ന്ന പ്രദേശമായ ചെങ്ങന്നൂർ താലൂക്കിൽ വ്യാപകമായ തോതിൽ ചെളിയും എക്കലും അടിഞ്ഞുകൂടിയത്. ഇതുമൂലം പ്രദേശത്തെ തോടുകളിൽ നിന്നും തണ്ണീർത്തടങ്ങളിൽ നിന്നുമുളള നീരൊഴുക്ക് തസപ്പെട്ട് വെളളം കെട്ടികിടക്കുന്ന നിലയിലാണ്. ഇതോടെയാണ് പ്രദേശവാസികൾ വീണ്ടും ഭീതിയിലായത്.
കഴിഞ്ഞ വർഷം ആഗസ്റ്റ് മാസത്തിലാണ് മഹാപ്രളയം ചെങ്ങന്നൂരിനെ വെളളത്തിനടിയിലാക്കിയത്. എല്ലാം നഷ്ടപ്പെട്ട ജനത ദിവസങ്ങളോളം ഒറ്റപ്പെട്ട് വീടുകളുടെ ടെറസിലും ദുരിതാശ്വാസ ക്യാമ്പുകളിലുമായി കഴിയേണ്ടി വന്നതിന്റെ നടുക്കുന്ന ഓർമ്മകൾ ഇവരുടെ മനസിൽ നിന്നും ഇന്നും മാറിയിട്ടില്ല. മാത്രമല്ല വീടുകൾ പൂർണമായും നഷ്ടപ്പെട്ട ചിലർ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിഞ്ഞുകൂടുന്നത്.
ആശങ്ക ഇരട്ടി.....!
ചെങ്ങന്നൂർ നഗരസഭയേയും പുലിയൂർ പഞ്ചായത്തിന്റെയും അതിർവരമ്പായി ഒഴുകുന്ന കടംതോടും, സംസ്ഥാന സർക്കാർ പുനരുജ്ജീവനം നടത്തി എന്നവകാശപ്പെടുന്ന വരട്ടാറും, കയ്യേറ്റംകൊണ്ട് എറെ ശ്രദ്ധനേടിയ ഉത്രപ്പളളിയാറും മുളംതോടുമെല്ലാം ഇന്ന് ഇത്തരത്തിൽ എക്കലും ചളളയും മാലിന്യങ്ങളും നിറഞ്ഞ് ഒഴുക്ക് നിലച്ചിരിക്കുകയാണ്. ചെറിയ മഴയിൽപ്പോലും ജലം ഒഴുകിമാറാതെ കെട്ടികിടക്കുന്നതാണ് ജനത്തെ ആശങ്കയിലാക്കുന്നത്. ഫോനി ചുഴലിക്കാറ്രിന്റെ സ്വാധീനത്തിൽ തീരദേശജില്ലയിൽ പരക്കെ മഴപെയ്യുമെന്ന മുന്നറിയിപ്പ് ഇവരുടെ ആശങ്ക ഇരട്ടിയാക്കിയിരിക്കുകയാണ്. മാത്രമല്ല മൺസൂൺ കാലമാരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം അവശേഷിക്കെ കെട്ടിനിൽക്കുന്ന ജലം ഒഴുകിപ്പോകുന്ന തരത്തിൽ തോടുകളിൽ നിന്നും ജലസ്രോതസുകളിൽ നിന്നുമുളള ചെളിയും എക്കലും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്യണമെന്ന പ്രദേശവാസികളുടെ ആവശ്യം ശക്തമായിരിക്കുകയാണ്.