കോഴഞ്ചേരി: കോഴഞ്ചേരി ചെറുകോൽപ്പുഴ റോഡിൽ മരോട്ടിമുക്കിന് സമീപം കുറുന്തോട്ടിക്കൽ പടിക്കൽ മൂന്ന് ചാക്ക് മുടിയും ഷേവിംഗ് അവശിഷ്ടങ്ങളും കൂടാതെ നാല് ചാക്ക് മാലിന്യവും നിക്ഷേപിച്ചു. കഴിഞ്ഞ രാത്രിയിലാണ് നടുറോഡിൽ സാമൂഹ്യ വിരുദ്ധർ നിക്ഷേപിച്ചത്. ചാക്കുപൊട്ടി മുടി റോഡ് മുഴുവൻ വീണിട്ടുണ്ട്. കോഴഞ്ചേരി പൗരസമിതിയെ അറിയിച്ചതനുസരിച്ച് പ്രവർത്തകർ ആറന്മുള പൊലീസിലും കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലും വാർഡ് മെമ്പറെയും വിവരം അറിയിച്ചു. അധികാരികളുടെ ഭാഗത്തുനിന്നും ശക്തമായ നടപടി ഉണ്ടാവണമെന്ന് കോഴഞ്ചേരി പൗരസമിതി ആവശ്യപ്പെട്ടു. ഇങ്ങനെയുള്ളവരെ പിടികൂടിയാൽ മാതൃകാപരമായി ശിക്ഷിക്കാമെന്ന് ആറന്മുള പൊലീസ് പൗരസമിതിക്ക് ഉറപ്പ് നൽകി. പ്രസിഡന്റ് കെ.ആർ. സോമരാജന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കെ. വർഗീസ്, ടി. ടി. മാത്യു, സി.കെ. രാജീവ്, കെ.ആർ. വിജയകുമാർ, മോഹനൻ വല്യവീട്ടിൽ, സജി മനസ്വിനി, അലക്സ് ആന്റണി, തോമസ് മാത്യു, ഗോപാലകൃഷ്ണൻ, ബാബു വടക്കേൽ എന്നിവർ പ്രതിഷേധം രേഖപ്പെടുത്തി. ഇതുപോലെ റോഡിൽ വേസ്റ്റ് എറിയുന്നവരെ കണ്ടെത്താനും സ്ക്വാഡും രൂപീകരിച്ചു. ഇന്നു മുതൽ ആറന്മുള പൊലീസിന്റെ നേതൃത്വത്തിൽ സ്ക്വാഡ് പ്രവർത്തിക്കുന്നതാണ്.