തിരുവല്ല: നഗരത്തിലെ ഗതാഗതക്കുരുക്കിൽ നിന്നും കടന്നുപോകാനാകാതെ യാത്രക്കാർ വീർപ്പുമുട്ടുന്നു. ഇന്നലെ മണിക്കൂറുകളോളം വാഹനങ്ങൾ ഗതാഗതക്കുരുക്കിൽ കുടുങ്ങി. എം.സി റോഡിലും മല്ലപ്പള്ളി റോഡിലും ടി.കെ.റോഡിലുമെല്ലാം വാഹനങ്ങൾ തിങ്ങിനിറഞ്ഞതോടെ ട്രാഫിക് പൊലീസും ഏറെ ബുദ്ധിമുട്ടി. തിങ്കൾ, ശനി ദിവസങ്ങളിൽ പതിവിലും കൂടുതൽ തിരക്കാണ് നഗരത്തിൽ അനുഭവപ്പെടുന്നതെന്ന് ട്രാഫിക് പൊലീസും പറയുന്നു. പ്രവർത്തി ദിവസങ്ങളിൽ നഗരത്തിലെത്തുന്ന വാഹനങ്ങൾ ഗതാഗതക്കുരുക്കിൽ നിന്നും രക്ഷപെടാൻ പാടുപെടുന്ന കാഴ്ചയാണ്. അശാസ്ത്രീയമായ ഗതാഗത നിയന്തണങ്ങളും അനധികൃത പാർക്കിംഗും എസ്.സി.എസ് ജംഗ്ഷനിലെ സിഗ്നൽ ലൈറ്റ് അടിക്കടി പണിമുടക്കുന്നതുമാണ് ഗതാഗതകുരുക്ക് വർദ്ധിക്കാൻ പ്രധാന കാരണം. നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥയും വാഹനങ്ങളുടെ മെല്ലെപ്പോക്കിന് കാരണമാകുന്നുണ്ട്. മഴുവങ്ങാട് ചിറ മുതൽ രാമൻചിറ വരെയുള്ള ഒരു കിലോമീറ്റർ ദൂരം താണ്ടാൻ വാഹനങ്ങൾക്ക് ഒരു മണിക്കൂർ വരെ കാത്തു കിടക്കേണ്ട അവസ്ഥയാണ്. യു ടേൺ ഒഴിവാക്കുന്നതിനായി നഗരത്തിൽ എം.സി റോഡിലും ടി. കെ റോഡിലുമായി ട്രാഫിക്ക് പൊലീസ് സ്ഥാപിച്ചിരുന്ന ക്യൂബുകൾ നീക്കം ചെയ്തതും ഗതാഗതം താറുമാറാകാൻ ഇടയാക്കുന്നുണ്ട്. പാർക്കിംഗ് നിരോധിത സ്ഥലങ്ങളിലെ അനധികൃത പാർക്കിംഗിനെതിരെ നടപടിയെടുക്കാൻ ബന്ധപ്പെട്ടവർ വിമുഖത കാട്ടുന്നതും കുരുക്ക് വർദ്ധിക്കാൻ കാരണമാണ്. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിൽ നിന്നും ഒന്നിലേറെ ബസുകൾ ഒരേസമയം അകത്തേക്കും പുറത്തേക്കും കയറുകയും ഇറങ്ങുകയും ചെയ്യുന്നതും എം.സി റോഡിൽ തിരക്ക് വർദ്ധിപ്പിക്കുന്നു. ട്രാഫിക്ക് പൊലീസ് ഏറെ പണിപ്പെട്ടാണ് ഈ ഗതാഗതക്കുരുക്ക് അഴിച്ചെടുക്കുന്നത്.
റിംഗ് റോഡുകൾ മോശം
നഗരത്തിലെ ഗതാഗതക്കുരുക്ക് രൂക്ഷമാകുമ്പോൾ നഗരത്തോട് ചേർന്നുള്ള റിംഗ് റോഡുകളിലൂടെ വാഹനങ്ങൾ കടത്തിവിട്ട് തിരക്ക് കുറയ്ക്കാനാകും. എന്നാൽ ഈ റോഡുകൾ പലതും ഇടുങ്ങിയതും തകർന്നും പൊളിഞ്ഞും കിടക്കുകയാണ്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഈ റോഡുകൾ പലതും വികസിപ്പിക്കാൻ നഗരസഭയോ മറ്റു ബന്ധപ്പെട്ടവരോ തയ്യാറാകാത്തതും പ്രതിഷേധങ്ങൾക്ക് കാരണമാകുന്നു.