nivedanam
പ്രാവിൻകൂട്-ഇരമല്ലിക്കര റോഡ് നിർമ്മാണത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് തിരുവൻവണ്ടൂർ എന്റെ ഗ്രാമം സോഷ്യൽ മീഡിയ കൂട്ടായ്മ്മ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയ്ക്ക് കൂട്ടനിവേദനം നൽകുന്നു.

ചെങ്ങന്നൂർ: പ്രാവിൻ കൂട് ഇരമല്ലിക്കര പൊതുമരാമത്ത് റോഡ് നിർമ്മാണത്തിലെ അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവൻവണ്ടൂർ എന്റെ ഗ്രാമം സോഷ്യൽ മീഡിയ കൂട്ടായ്മ മന്ത്രി ജി.സുധാകരൻ, എക്‌സിക്യൂട്ടീവ് എൻജിനീയർ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജീനീയർ, ചെങ്ങന്നൂർ എം.എൽ.എ എന്നിവർക്കും പഞ്ചായത്ത് സെക്രട്ടറിയ്ക്കും കൂട്ട നിവേദനം നൽകി. റോഡ് നിർമ്മാണം പൂർത്തികരിക്കാത്തതിനെ തുടർന്ന് രണ്ട് പേർ മരിക്കാനിടയായതും 15 യാത്രക്കാരർക്ക് ഗുരുതര പരിക്കേറ്റതും നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2017ലാണ് ഈ റോഡിന്റെ നി‌ർമ്മാണ പ്രവർത്തികൾ ആരംഭിച്ചത്. റോഡ് ഒരിടയിൽ കൂടുതൽ ഉയർന്നതോടെ വേഗതയിൽ വരുന്ന വാഹനങ്ങൾ പലപ്പോഴും വശങ്ങളിലെ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടങ്ങൾ ഉണ്ടാകുന്നത്. പ്രാവിൻ കൂട് ഇരമല്ലിക്കര 5 കിലോമീറ്റർ നീളം വരുന്ന റോഡിന്റെ പകുതിയിലേറെ ഭാഗങ്ങളിൽ ഇരു വശവുംഇനിയും മണ്ണിട്ട് ഉയർത്തുകയും കോൺക്രീറ്റ് ചെയ്യുകയും വേണം. ഏറ്റവും കൂടുതൽ അപകട സാദ്ധ്യത ഉളള ഭാഗത്താണ് ആ ജോലികൾ പൂർത്തിയാക്കാനുളളത്. കൂടാതെ ഉപ്പു കളത്തിൽ പാലത്തിന്റെ പാർശ്വഭിത്തിയുടെ പണി പൂർത്തീകരിക്കുന്നതോടൊപ്പം പ്രാവിൻ കൂട് മുതൽ ഉപ്പുകളത്തിൽ പാലം വരെയുള്ള ഓടയുടെ നിർമ്മാണം, റോഡിന്റെ വശങ്ങളിലെ റിഫ്‌ളെക്ടർ, റോഡ് മുറിച്ച് കടക്കുന്നിടത്തെ സീബ്രാലൈൻ, ദിശാ സൂചക ബോർഡ് എന്നിവയുടെ നിർമ്മാണ പ്രവർത്തികളും ഇനിയും ബാക്കിയാണ്.