car-

പത്തനംതിട്ട: ഇന്നലെ വൈകിട്ടുണ്ടായ കനത്ത മഴയിലും കാറ്റിലും ജില്ലയിൽ പലയിടങ്ങളിലും വൻനാശം. വ്യാപകമായി മരം കടപുഴകി വീണു നാശമുണ്ടായി. വൻതോതിൽ കൃഷിയും നശിച്ചു. ഗതാഗതവും വൈദ്യുതി ബന്ധവും താറുമാറായി.
പത്തനംതിട്ട ഹെഡ് പോസ്റ്റോഫീസിന് സമീപം കാറിന് മുകളിലേക്ക് മരം ഒടിഞ്ഞ് വീണ് അപകടമുണ്ടായി. യാത്രക്കാർ പരിക്കില്ലാതെ രക്ഷപ്പെട്ടു. ചിറ്റാർ സ്വദേശി ഇർഷാദും കുടുംബവും സഞ്ചരിച്ച കാറിന് മുകളിലേക്കാണ് ഫെഡറൽ ബാങ്കിന് മുന്നിലെ ബദാം മരം ഒടിഞ്ഞു വീണത്. മരത്തിന്റെ ശിഖരങ്ങൾ റോഡിൽ തട്ടി നിന്നതിനാൽ ദുരന്തം ഒഴിവായി. കാറിൽ സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നു. സമീപത്തെ കടയിലെ ജീവനക്കാരും നാട്ടുകാരും കാറിന്റെ വാതിൽ തുറന്ന് ഇവരെ പുറത്തിറക്കി. വൈദ്യുതി ലൈൻ പൊട്ടിവീണു. ഏറെ നേരം ഗതാഗതവും തടസപ്പെട്ടു. പിന്നീട് ഫയർഫോഴ്സ് സംഘമെത്തി കാറിന് മുകളിൽ നിന്ന് മരം മുറിച്ചു മാറ്റുകയായിരുന്നു. കാറിന് സാരമായ നാശമുണ്ട്.