s-chittar

ചിറ്റാർ : ശക്തമായ മഴയോടൊപ്പം വീശിയടിച്ച കാറ്റിലും ഇടിമിന്നലും കിഴക്കൻ പ്രദേശത്ത് വ്യാപക നാശം വിതച്ചു.
ചിറ്റർ പഞ്ചായത്ത് ഓഫീസിനു സമീപം മണക്കയം റോഡിന്റെ വശത്ത് നിന്ന കൂറ്റൻ തൊണ്ടിമരം കടപുഴകി വീഴുകയായിരുന്നു.
വൈദ്യുതി ലൈനും തകർന്നു.
വയ്യാറ്റുപുഴയ്ക്ക് സമീപം മീൻ കുഴി തടത്തിൽ ഇടിമിന്നലേറ്റ് ആഞ്ഞിലിമരം കത്തി. രാത്രി വൈകിയും തീ അണഞ്ഞിട്ടില്ല.
ചിറ്റാർ മുതൽ മണിയാർ പൊലീസ് ക്യാമ്പ് വരെയുള്ള പ്രധാന റോഡിൽ ഏഴിടത്ത് മരങ്ങൾ ഒടിഞ്ഞു വീണു.
വടശ്ശേരിക്കര - മണിയാർ - ചിറ്റാർ റോഡിൽ മൂന്നു മണിക്കൂറിലധികം ഗതാഗതം തടസപ്പെട്ടു.
സീതത്തോട്ടിൽ നിന്ന് അഗ്നിശമന സേന എത്തിയാണ് റോഡിലെ തടസങ്ങൾ നീക്കിയത്. കൂടാതെ റബ്ബർ മരങ്ങളും ഏക്കറുകണക്കിനു സ്ഥലത്തെ കൃഷികളും നശിച്ചിട്ടുണ്ട്.
നീലിപിലാവിൽ നിരവേൽവീട്ടിൽ ശങ്കരൻ കുഞ്ഞുകുഞ്ഞിന്റെ വീട്ടിൽ ഇടിമിന്നലിനെ തുടർന്ന് വയറിംഗ് പൂർണ്ണമായി കത്തി നശിച്ചു.

ഗൃഹനാഥന് മിന്നലേറ്റു

മണിയാർ മാമ്പറയിൽ ശശി (60)യ്ക്ക് മിന്നലിൽ പൊള്ളലേറ്റു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിനോടു ചേർന്ന തൊഴുത്തിൽ പശുവിനെ കറക്കുമ്പോൾ ആയിരുന്നു അപകടം.