pulimaram

കോന്നി: അപ്രതീക്ഷിതമായി വീശിയടിച്ച ചുഴലിക്കാറ്റിൽ പ്രമാടം ഗ്രാമം തകർന്നടിഞ്ഞു. ഇന്നലെ വൈകിട്ട് മഴയ്ക്കൊപ്പമാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. കാറ്റിലും മഴയിലും പ്രദേശത്ത് ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി. നിരവധി വീടുകൾ പൂർണമായും ഭാഗീകമായും തകർന്നു. വൻമരങ്ങൾ കടപുഴകി. വൈദ്യുതി പോസ്റ്റുകളും കമ്പികളും വ്യാപകമായി തകർന്നു. വ്യാപകമായി കൃഷിനാശമുണ്ടായി. പുറംലോകവുമായി ബന്ധപ്പെടാനുള്ള വാർത്താവിനിമയ സംവിധാനവും ഗതാഗതവും മണിക്കൂറുകളോളം താറുമാറായി. വൈദ്യുതി ബന്ധം പൂർണ്ണമായും നിലച്ചു. ഗതാഗതം വഴി തിരിച്ചുവിട്ടിരിക്കുകയാണ്.

പ്രമാടം മൃഗാശുപത്രിക്ക് സമീപം ലൈജു ഭവനിൽ മോഹനന്റെ വീടിന് മുകളിലേക്ക് സമീപത്തെ പറമ്പിൽ നിന്ന വൻ പുളിമരം കടപുഴകി വീണ് മേൽക്കൂര പൂർണ്ണമായും ഭിത്തി ഭാഗികമായും തകർന്നു. മോഹന്റെ ഭാര്യ വത്സലയും മകൻ ഷൈജുവും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇരുവരും പുറത്തേക്ക് ഇറങ്ങി ഓടിയതിനാൽ ആളപായമുണ്ടായില്ല. റവന്യൂ വകുപ്പ് അധികൃതർ സ്ഥലം സന്ദർശിക്കാഞ്ഞതിനാൽ മരം വീടിന് മുകളിൽ അപകടകരമായ രീതിയിൽ തുടരുകയാണ്. സമീപത്തെ ഹരീഷ് ഭവനിൽ മുരളിയുടെ വീടിന് മുകളിൽ സമീപത്തെ പറമ്പിൽ നിന്ന ആഞ്ഞിലിമരം കട പുഴകി വീണു. വാട്ടർ ടാങ്കും പാരപ്പറ്റും തകർന്നു. സമീപത്തെ പറമ്പിലെ പ്ളാവ് കടപുഴകി വീണ് പ്രമാടം വായനശാലയ്ക്ക് സമീപം ശ്രീരാമസദനത്തിൽ അശോക് കുമാറിന്റെ വീടും കന്നുകാലി തൊഴുത്തും തകർന്നു. അശോകൻ, മാതാവ് പൊന്നമ്മ, ഭാര്യ സിന്ധു, മക്കളായ അപ്പു, അമ്മു എന്നിവർ പുറത്തേക്കിറങ്ങി ഓടി. അമ്മുവിന്റെ അഞ്ചുമാസം പ്രായമായ കുഞ്ഞും വീട്ടിലുണ്ടായിരുന്നു. പ്രദേശത്തെ മറ്റ് നിവരധി വീടുകൾക്കും നാശനഷ്ടമുണ്ടായിട്ടുണ്ട്. ഇടിമിന്നലിൽ നിരവധി വീടുകളിലെ വൈദ്യുതി ഉപകരണങ്ങൾ കത്തി നശിച്ചു. നിരവധി ആളുകളുടെ കൃഷി വ്യാപകമായി നശിച്ചിട്ടുണ്ട്. കപ്പ, വഴ, ചേന, ചേമ്പ് എന്നിവയാണ് വ്യാപകമായി നശിച്ചത്. നിരവധി റബ്ബർ മരങ്ങളും തെങ്ങ്, കമുക്, ആഞ്ഞിലി, തേക്ക് എന്നിവയും വ്യാപകമായി കടപുഴകി.

ഗതാഗതവും വൈദ്യുതിയും പൂർണ്ണമായും നിലച്ചിരിക്കുകയാണ്. പ്രമാടം വഴിയുള്ള വാഹനങ്ങൾ മറ്റു വഴികളിലൂടെയാണ് പത്തനംതിട്ട, പൂങ്കാവ്, കോന്നി തുടങ്ങിയ പ്രദേശങ്ങളിൽ എത്തിയത്. റബ്ബർ ഉൾപ്പടെയുള്ള മരങ്ങൾ അപകട ഭീഷണി ഉയർത്തി നിൽക്കുന്നതിനാൽ നാട്ടുകാർ രാത്രിയിൽ വാഹന യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്. നൂറോളം വൈദ്യുതി പോസ്റ്റുകളാണ് വിവിധ സ്ഥലങ്ങളിലായി തകർന്നത്. വ്യാപകമായി വൈദ്യുതി കമ്പികളും പൊട്ടി നശിച്ചിട്ടുണ്ട്. വൈദ്യുതി ബന്ധം പൂർണ്ണമായും പുനസ്ഥാപിക്കാൻ ദിവസങ്ങളെടുക്കുമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു. നാശനഷ്ടങ്ങളുടെ കണക്ക് പൂർണ്ണമായും തിട്ടപ്പെടുത്തിയിട്ടില്ലെന്നും പ്രാഥമികമായി ലക്ഷങ്ങൾ കണക്കാക്കുന്നതായും റവന്യൂ വകുപ്പ് അധികൃതർ അറിയിച്ചു.