പത്തനംതിട്ട: പ്രളയ ബാധിതർക്ക് നൽകാനുള്ള കസേരകളും ഗ്യാസ് സ്റ്രൗവും മിനി സിവിൽ സ്റ്റേഷനിലെ ഇടനാഴിയിൽ കെട്ടിക്കിടക്കുന്നു. സിവിൽസ്റ്റേഷനിലെ കോഴഞ്ചേരി താലൂക്ക് സർവേ ഓഫീസിന് മുന്നിലാണ് നൂറുകണക്കിന് കസേരകളും സ്റ്റൗവും കിടക്കുന്നത്.

പ്രളയം കഴിഞ്ഞ് മാസങ്ങളായിട്ടും ഇവ അർഹതപ്പെട്ടവർക്ക് നൽകാൻ അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല.

വിവിധ കമ്പനികൾ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് നൽകിയതാണിവ. കസേരയിൽ പവർഗ്രിഡ് കമ്പനിയുടേയും സ്റ്റൗവിൽ ബി.പി.സി.എല്ലിന്റെയും സ്റ്റിക്കർ പതിപ്പിച്ചിട്ടുണ്ട്. എന്നാൽ കസേരകൾ ഓഫീസ് ആവശ്യത്തിനാണെന്നും ഗ്യാസ് സ്റ്റൗവുകൾ പ്രളയ ബാധിതരുടെ വീടുകൾ നിർമ്മിച്ച് പൂർത്തിയാകുമ്പോൾ നൽകാൻ സൂക്ഷിച്ചിരിക്കുകയാണെന്നുമാണ് കോഴഞ്ചേരി താഹസീർദാർ പറയുന്നത്. പ്രളയം ഏറ്റവും കൂടുതൽ നഷ്ടം ഉണ്ടാക്കിയ ജില്ലയാണ് പത്തനംതിട്ട. സർക്കാരിന്റെ സഹായങ്ങൾ ലഭിക്കാത്തവർ ഇനിയും അനേകരുണ്ടെന്ന പരാതികൾ ഉയരുമ്പോഴാണ് അധികൃതരുടെ അനാസ്ഥ.