ഓയൂർ: വിവാഹ വേളയിൽ വാഗ‌്‌ദാനം ചെയ്‌ത തുക വൈകിയതിനാൽ പലിശ സഹിതം നൽകാനുള്ള തയാറെടുപ്പുകൾ ക്കിടയിലാണ് തുഷാരയെ സ്‌ത്രീധനത്തിന്റെ പേരിൽ പട്ടിണിക്കിട്ട് ഇഞ്ചിഞ്ചായി കൊന്ന മാപ്പർഹിക്കാത്ത ക്രൂരത ഓയൂരിൽ അരങ്ങേറിയത്. രണ്ട് മക്കളുടെ മാതാവും 27 കാരിയുമായ തുഷാരയുടെ മൃതദേഹം പോസ്റ്റുമോർട്ടം ടേബിളിൽ എത്തിയപ്പോൾ തൂക്കം 20 കിലോയായിരുന്നു!
തീ കൊളുത്തിയും കെട്ടിത്തൂക്കിയും കുപ്രസിദ്ധി നേടിയ സ്‌ത്രീധന പീഡന മരണ പരമ്പരകളിൽ അത്യപൂർവമാണ് ഇഞ്ചിഞ്ചായി കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയുള്ള പട്ടിണിക്കിടൽ. മരിച്ച കരുനാഗപ്പള്ളി അയണിവേലിക്കുളങ്ങര തെക്ക് തുഷാര ഭവനിൽ തുളസീധരൻ - വിജയലക്ഷ്മി ദമ്പതികളുടെ മകൾ തുഷാരയുടെ (27) മരണം മലയാളിയുടെ മനഃസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. സംഭവത്തെ തുടർന്ന് ഭർത്താവ് ഓയൂർ ചെങ്കുളം, പറണ്ടോട് ചരുവിള വീട്ടിൽ ചന്തുലാൽ (30), ഇയാളുടെ മാതാവ് ഗീതാലാൽ (55) എന്നിവരെ കഴിഞ്ഞ ദിവസം പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സംഭവത്തെക്കുറിച്ച് പൊതുപ്രവർത്തകയും തുഷാരയുടെ അമ്മായിയുമായ പ്രബലകുമാരി പറയുന്നത്:
2013ലായിരുന്നു ചന്തുലാലുമായുള്ള തുഷാരയുടെ വിവാഹം. അന്ന് പ്രാക്കുളത്തായിരുന്നു ചന്തുലാൽ മാതാവ് ഗീതാലാലുമായി താമസം. ഇരുപത് പവന്റെ സ്വർണാഭരണങ്ങൾ അണിയിച്ചാണ് തുഷാരയെ അയച്ചത്. സ്‌ത്രീധനം നൽകുന്നത് കുറ്റകരമാണെന്ന് അറിഞ്ഞിട്ടും നാട്ടുനടപ്പ് എന്ന നിലയിലും ഇരുവരുടെയും ഭാവി ജീവിതം കരുപിടിപ്പിക്കുന്നതിനുമായാണ് രണ്ടുലക്ഷം രൂപ വാഗ‌്‌ദാനം ചെയ്‌തത്. ഇത് പ്രകാരം ഇരുകൂട്ടരും തമ്മിൽ കരാറുമുണ്ടാക്കി. തുളസീധരന് മറ്ര് കടങ്ങൾ ഉണ്ടായിരുന്നത് വീട്ടാനും ചേർത്ത് കൊല്ലം ജില്ലാ സഹകരണ ബാങ്കിൽ നിന്ന് നാല് ലക്ഷം രൂപയുടെ വായ്‌പ തരപ്പെടുത്തിയിരുന്നു.
ആറുവർഷം മുമ്പ് സമ്മതിച്ച രണ്ട് ലക്ഷത്തിന്റെ സ്ഥാനത്ത് മൂന്ന് ലക്ഷം രൂപ കൈമാറാനുള്ള തയ്യാറെടുപ്പിനിടയിലായിരുന്നു തുഷാരയുടെ ദാരുണാന്ത്യം. പുതിയ സാമ്പത്തിക വർഷത്തിലെ ആദ്യ പ്രവൃത്തി ദിനമായ ഏപ്രിൽ രണ്ടിന് പണം അക്കൗണ്ടിലെത്തുമെന്നായിരുന്നു ബാങ്ക് അധികൃതരുടെ ഉറപ്പ്. വിവാഹത്തിന്റെ മൂന്നാം നാൾ രജിസ്‌ട്രേഷനായി കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിൽ എത്തിയപ്പോൾ താലിമാലയടക്കം 20 പവന്റെ സ്വർണവും ചന്തുലാലും അമ്മയും ചേർന്ന് വിറ്റിരുന്നു. പകരം അതേ ഫാഷനിലെ മുക്കുപണ്ടമായിരുന്നു തുഷാര അണിഞ്ഞിരുന്നത്, വിവാഹ രജിസ്‌ട്രേഷന് സാക്ഷിയായിരുന്ന താൻ ഇത് ശ്രദ്ധിച്ചു. തുടർന്ന് രഹസ്യമായി ചോദിച്ചപ്പോൾ ചന്തുലാലിനും അമ്മയ്‌ക്കും കടമുണ്ടായിരുന്നുവെന്നും അത് വീട്ടാൻ സ്വർണം വിൽക്കുകയായിരുന്നുവെന്നും തുഷാര പറഞ്ഞു.
സ്വപ്‌നത്തിലെ ഗ്രാഫിക് ഡിസൈനർ!
ഗ്രാഫിക് ഡിസൈനറെന്ന പേരിലാണ് ചന്തുലാൽ വിവാഹം ആലോചിച്ച് എത്തിയതെങ്കിലും ആ ജോലി ഒരിക്കലും ചെയ്‌തിരുന്നില്ല. സ്വകാര്യ ഓട്ടങ്ങൾക്കുള്ള ഒരു കാർഡ്രൈവർ വേഷത്തിലാണ് ജീവിച്ചത്. അമ്മ നടത്തിയിരുന്ന ആഭിചാര ക്രിയകൾക്ക് എത്തുന്ന ഇടപാടുകാരെ കൊണ്ടുവരികയും വിടുന്നതുമായുള്ള ജോലിയാണ് ചന്തുലാൽ ചെയ്‌തിരുന്നത്. പ്രാക്കുളത്ത് ഈ കുടുംബത്തെ കുറിച്ച് നാട്ടുകാർക്ക് അത്ര നല്ല അഭിപ്രായമല്ലായിരുന്നു. തുടർന്നാണ് ഓയൂർ ചെങ്കുളം കുരിശിൻമൂട് പറണ്ടോട് ചരുവിള വീട്ടിലേക്ക് താമസം മാറുന്നത്.
ഇവിടെ 15 അടി പൊക്കത്തിൽ ടിൻ ഷീറ്റുപയോഗിച്ചുള്ള വേലി കെട്ടി അതിനുള്ളിൽ ടിന്നിൽ കെട്ടി മേഞ്ഞ വീട്ടിലായിരുന്നു താമസം. വിവാഹം കഴിഞ്ഞ് മൂന്ന് തവണ മാത്രമായിരുന്നു തുഷാരയുടെ ബന്ധുക്കൾക്ക് അവിടം സന്ദർശിക്കാനായത്. ഇളയ കുട്ടിയെ കൊല്ലം വിക്‌ടോറിയ ആശുപത്രിയിൽ പ്രസവിച്ചപ്പോൾ അവിടെ കുഞ്ഞിനെ കാണാൻ ചെന്ന തുഷാരയുടെ ബന്ധുക്കളെ തടഞ്ഞു. ഒടുവിൽ ഡോക്‌ടർമാർ ഇടപെട്ടാണ് കുഞ്ഞിനെ കാണാൻ തുഷാരയുടെ മാതാപിതാക്കൾക്ക് അനുമതി ലഭിച്ചത്. മാത്രമല്ല രണ്ട് പ്രസവങ്ങൾക്ക് ശേഷവും നാട്ടുനടപ്പ് അനുസരിച്ച് പെൺകുട്ടിയുടെ വീട്ടിലേക്ക് പ്രസവാനന്തര രക്ഷയ്‌ക്ക് തുഷാരയെ അയച്ചതുമില്ല.
ഇളയ കുട്ടിയുടെ നൂലുകെട്ട് ചടങ്ങിന് തുഷാരയുടെ ബന്ധുക്കൾ ഓയൂരിലെ വീട്ടിൽ എത്തിയപ്പോഴും സംഘർഷമുണ്ടായി. കുഞ്ഞിന് ആഭരണം വാങ്ങാനുള്ള 15000 രൂപയും പലഹാരങ്ങളും പുതുവസ്‌ത്രങ്ങളും നൽകി മടങ്ങിയതായിരുന്നു തുഷാരയുടെ വീട്ടുകാർ അവിടെ നടത്തിയ ഒടുവിലത്തെ സന്ദർശനം.
കുതിർത്ത അരിയും പഞ്ചസാര വെള്ളവും
തുഷാരയ്‌ക്ക് കുതിർത്ത അരിയും പഞ്ചസാര വെള്ളവുമായിരുന്നു മരണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ലഭിച്ച ആഹാരം. ഈ വിധം കേട്ട് കേഴ്‌വിയില്ലാത്ത മെനുവിനെ കുറിച്ച് തുഷാര സമപ്രായക്കാരിയായ പ്രബലകുമാരിയുടെ മകളോട് പണ്ടൊരിക്കൽ ഫോണിൽ പറഞ്ഞത് ബന്ധുക്കൾ സാന്ദർഭികമായി ഓർത്തു. കഴിഞ്ഞ ദിവസം ചോദ്യം ചെയ്‌തപ്പോൾ പ്രതികൾ സമ്മതിച്ചതാണ് കുതിർത്ത അരിയുടെയും പഞ്ചസാര വെള്ളത്തിന്റെയും കഥ. ആന്തരിക അവയവങ്ങളിൽ ഏൽക്കുന്ന ക്ഷതങ്ങൾ പുറത്ത് അറിയാതിരിക്കാനുള്ള പൊടി കൈയ്യാണ് ഈ വിദ്യയെന്ന് വിവരം ലഭിച്ചു. പൊലീസ് സ്‌റ്റേഷനുകളിൽ മൂന്നാം മുറയ്‌ക്ക് വിധേയരാകുന്ന പ്രതികൾക്ക് സാധാരണയായി കുതിർത്ത അരിയും പഞ്ചസാര വെള്ളവും നൽകാറുണ്ട്.
കഴിഞ്ഞ മാർച്ച് 21ന് അർദ്ധ രാത്രിയോടെയാണ് തുഷാരയെ അതീവ ഗുരുതരാവസ്ഥയിൽ കൊല്ലം ജില്ലാ ആശുപത്രിയിൽ ചന്തുലാലും ഗീതാലാലും ചേർന്ന് എത്തിക്കുന്നത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പ്രഥമ ദൃഷ്‌ട്യാ മൃതദേഹത്തിൽ പാടുകൾ കണ്ടതോടെയാണ് ഡോക്‌ടർമാർ പൊലീസിനെ അറിയിച്ചതും അസ്വാഭാവിക മരണത്തിന് ആദ്യം കേസെടുത്തതും. പോഷകാഹാര കുറവ് മൂലം സംഭവിച്ച വിളർച്ചയിൽ നിന്നുണ്ടായ പനി ന്യൂമോണിയായി രൂപാന്തരപ്പെട്ടതാണ് മരണകാരണമെന്ന് പോസ്‌റ്ര്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. തുടർന്നായിരുന്നു അറസ്‌റ്ര്.
മരണം കൊലപാതകത്തിന് സമാനം
കൊലപാതക കേസുകൾക്ക് സമാനമായി ശിക്ഷ ലഭിക്കാവുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304(ബി) (സ്‌ത്രീധന പീഡന മരണം) വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ശാരീരികവും മാനസികവുമായി പീഡിപ്പിച്ചതിനും കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ പട്ടിണിക്കിട്ടതിനും കേസുണ്ട്.
ചന്തുലാലിന്റെ അടുത്ത ബന്ധുവായ സ്‌ത്രീയുടെ മർദ്ദനത്തിൽ നിന്ന് രക്ഷതേടി തുഷാര അയൽ വീട്ടിൽ അഭയം തേടിയിരുന്നതായി വിവരം ലഭിച്ചു.