കടകൾ തുറക്കാനാകാതെ വ്യാപാരികൾ
പത്തനാപുരം: വേനൽച്ചൂടിനൊപ്പം പൊടിശല്യം കൂടി സഹിക്കേണ്ട ഗതിയാണ് പട്ടാഴി നിവാസികൾക്ക്. നിർമ്മാണത്തിലിരിക്കുന്ന മെതുകുമ്മേൽ - കുന്നിക്കോട് - പൊലിക്കോട് മിനി ഹൈവേയിലെ പൊടിയാണ് നാട്ടുകാരെയും വ്യാപാരികളെയും യാത്രക്കാരെയും ഒരുപോലെ വലയ്ക്കുന്നത്.
നിർമ്മാണത്തിന്റെ ഭാഗമായി മെതുകുമ്മേൽ മുതൽ പട്ടാഴി മാർക്കറ്റ് ജംംഗ്ഷൻ വരെ റോഡിൽ മെറ്റലിനൊപ്പം നിരത്തിയ പാറപ്പൊടി വാഹനങ്ങൾ കടന്നുപോകുമ്പോൾ പരിസരത്താകെ ഉയരുകയാണ്. പൊടിശല്യം രൂക്ഷമായതോടെ പ്രദേശത്തെ മിക്ക വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. റോഡിന്റെ വശങ്ങളിൽ താമസിക്കുന്നവരും ഏറെ ബുദ്ധിമുട്ട് നേരിടുന്നു. വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ എതിർവശത്ത് നിന്ന് വരുന്ന വാഹനം കാണാൻ സാധിക്കാത്ത തരത്തിൽ പൊടി ഉയരുന്നതായും യാത്രക്കാർ പറയുന്നു. അടിയന്തരമായി റോഡിൽ ടാറിംഗ് നടത്തി ദുരിതജീവിതത്തിന് അറുതി വരുത്തണമെന്നാണ് ഇവരുടെ ആവശ്യം.