കരുനാഗപ്പള്ളി: തുറയിൽക്കടവ് കടത്തു കടവിന് സമീപം ടി.എസ് കനാലിൽ അറവ് മാലിന്യം നിക്ഷേപിച്ചത് നാട്ടുകാർക്കും യാത്രക്കാർക്കും ബുദ്ധിമുട്ടായി. ഞായറാഴ്ച അർദ്ധരാത്രിക്ക് ശേഷമാണ് ട്രാവൻകൂർ ഷെർണൂർ കനാലിന്റെ ഭാഗമായ തുറയിൽക്കടവിൽ ടൺ കണക്കിന് മാലിന്യം വാഹനങ്ങളിൽ കൊണ്ട് വന്ന് നിക്ഷേപിച്ചത്. യാത്രക്കാർ കടത്ത് കടവിൽ എത്തിയപ്പോഴാണ് മാനില്യംചാക്കിൽക്കെട്ടി കനാലിൽ തള്ളിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. അറവ് - ഹോട്ടൽ മാലിന്യങ്ങളാണ് ഇതിൽ അധികവും. മാലിന്യങ്ങൾ കൊത്തി വലിക്കാനായി തെരുവ് നായ്ക്കൾ കൂട്ടത്തോടെ എത്തിയതിനാൽ ആർക്കും കടവിലേക്ക് ചെല്ലാൻ കഴിയാത്ത അവസ്ഥയായിരുന്നു. വേലിയേറ്റ സമയത്ത് കനാലിലെ ചീപ്പുകൾ വഴി അറവ് മാലിന്യം ഉൾപ്രദേശങ്ങളിലേക്ക് ഒഴുകി എത്തുന്നത് ജനജീവിതം ദുരിതപൂർണമാക്കും. ഗ്രാമങ്ങളുടെ ഉൾപ്രദേശങ്ങളിൽ അറവ് - ഹോട്ടൽ മാലിന്യങ്ങൾ നിക്ഷേപിക്കാറുണ്ടെങ്കിലും ഇത്രയുമധികം മാലിന്യങ്ങൾ ഒന്നിച്ച് കായലിൽ തള്ളുന്നത് ആദ്യമാണ്. ടി.എസ്. കനാലിനോട് ചേർന്നുള്ള പ്രധാന കടവുകളിൽ കാമറകൾ സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് വർഷങ്ങളായി. എന്നാൽ കാമറ സ്ഥാപിക്കാനുള്ള ഒരു നടപടിയും അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
വേനൽക്കാലത്ത് തുണി അലക്കാനും കുളിക്കാനും നാട്ടുകാർ കായൽ വെള്ളത്തെയാണ് ആശ്രയിക്കുന്നത്. ഇത്തരത്തിൽ വലിയ അളവിൽ അറവ് മാലിന്യം കായലിൽ തള്ളുന്നത് അപൂർവമാണ്. കടത്തുകാരാൻ ആനന്ദൻ
ദുർഗന്ധം
ദുർഗന്ധം മൂലം കടവിന് സമീപത്തുള്ള കടകൾ തുറന്നില്ല. യാത്രക്കാർ മൂക്ക് പൊത്തിയാണ് കടത്തു വള്ളത്തിൽ യാത്ര ചെയ്യാനായെത്തിയത്. നൂറോളം ചാക്കുകളിൽ കെട്ടിയാണ് അറവ് - ഹോട്ടൽ മാലിന്യങ്ങൾ ടി.എസ് കനാലിൽ നിക്ഷേപിച്ചത്. കായലിൽ ഒഴുകുന്ന മാലിന്യം വാരി നീക്കാൻ പ്രയാസമാണ്. വള്ളിക്കാവ് മുതൽ തെക്കോട്ട് കാട്ടിൽക്കടവ് വരെ മാലിന്യച്ചാക്കുകെട്ടുകൾ കായലിൽ ഒഴുകുകയാണ്.