market
കഴുതുരുട്ടി മാർക്കറ്റിന് സമീപത്തെ മാലിന്യ നിക്ഷേപം

 ജനങ്ങൾ പകർച്ചവ്യാധി ഭീഷണിയിൽ

പുനലൂർ: ആര്യങ്കാവ് പഞ്ചായത്തിലെ കഴുതുരുട്ടി പബ്ലിക് മാർക്കറ്റും പരിസരവും മാലിന്യ നിക്ഷേപ കേന്ദ്രമായി മാറുന്നു. കഴുതുരുട്ടി ജംഗ്ഷന് സമീപത്ത് സ്ഥിതി ചെയ്യുന്ന മാർക്കറ്റിന് ചുറ്റിലും എസ്റ്റേറ്റ് റോഡിൻെറ വശങ്ങളിലും തള്ളുന്ന മാലിന്യം നീക്കം ചെയ്യാതായതോടെ സമീപവാസികൾ പകർച്ചവ്യാധി ഭീഷണിയിലാണ്.

ഞായറാഴ്ച ദിവസങ്ങളിൽ മാത്രം പ്രവർത്തിക്കുന്ന മാർക്കറ്റിലേക്ക് തമിഴ്നാട്ടിൽ നിന്നുൾപ്പെടെ നൂറുകണക്കിന് വ്യാപാരികളും തോട്ടം തൊഴിലാളികളും നാട്ടുകാരുമാണ് എത്തുന്നത്. തമിഴ് തോട്ടം തൊഴിലാളികൾ തിങ്ങി പാർക്കുന്ന മേഖലയിലാണ് മാർക്കറ്റ് പ്രവർത്തിക്കുന്നത്. ഇക്കാരണത്താലാണ് തമിഴ്നാട്ടിൽ നിന്ന് കച്ചവടത്തിനായി വ്യാപാരികൾ കഴുതുരുട്ടി മാർക്കറ്റിലേക്ക് എത്തുന്നത്.

എന്നാൽ ഇവർ എത്തിക്കുന്ന കാർഷിക വിളകളുടെ അവശിഷ്ടങ്ങളും മത്സ്യാവശിഷ്ടങ്ങളും ഉൾപ്പെടെ മാർക്കറ്റിന് സമീപത്തെ പാതയോരങ്ങളിലും മറ്റും തള്ളുന്നതായാണ് ആക്ഷേപം. കഴുതുരുട്ടി - അമ്പനാട് പാതയോരങ്ങളിലും ഇടവഴികളിലുമാണ് മാലിന്യം തള്ളിയിരിക്കുന്നത്. ഇത് സമീപവാസികൾക്കും തോട്ടം തൊഴിലാളികൾക്കും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ. കനത്ത വരൾച്ചയെ തുടർന്ന് പകർച്ചവ്യാധികൾ പടർന്ന് പിടിക്കാനുളള സാഹചര്യം നിലനിൽക്കുമ്പോഴാണ് ഈ അവസ്ഥ. വേനൽ മഴ കൂടി എത്തുന്നതോടെ മാലിന്യം ചീഞ്ഞ് നാറി ദുർഗന്ധം വമിക്കുകയും കൊതുകുകൾ പെരുകുകയും ചെയ്യും. എന്നാൽ ആരോഗ്യവകുപ്പോ പഞ്ചായത്തോ പ്രദേശത്തെ മാലിന്യം നീക്കം ചെയ്യാനോ മാലിന്യ നിക്ഷേപം തടയാനോ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ജനങ്ങളുടെ ആക്ഷേപം.