fir
പുനലൂർ രാംരാജ് തിയേറ്ററിന് സമീപത്തെ ഇസ്തിരി കടക്ക് തീപിടിച്ച് ഉടമ മരിച്ച സ്ഥലം പരിശോധിക്കുന്ന പൊലിസും ഫോറൻസിക് വിദഗ്ദ്ധരും

പുനലൂർ: കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പുനലൂരിലെ നിരവധി വ്യാപാരശാലകൾക്ക് തീപിടിച്ച് കോടികളുടെ നഷ്ടം സംഭവിച്ചിട്ടും ഇവയുടെ കാരണം കണ്ടെത്താൻ അധികൃതർക്ക് കഴിയുന്നില്ലെന്ന ആരോപണം ശക്തമാകുന്നു.

ഇന്നലെ പുലർച്ചെ പുനലൂർ ടൗണിലെ രാംരാജ് തിയേറ്ററിന് സമീപത്തെ ഇസ്തിരി കടയ്ക്ക് തീപിടിച്ച് ഉടമ ഐസക് അലക്സാണ്ടർ മരണപ്പെട്ടതോടെ പ്രദേശത്തെ വ്യാപാരികൾക്കിടയിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്. പ്രാഥമിക അന്വേഷണങ്ങൾക്കൊടുവിൽ വൈദ്യുത ഷോർട്ട് സർക്യൂട്ടാണ് തീപിടിക്കാൻ കാരണമെന്നാണ് അധികൃതരുടെ നിഗമനം.

തുടർച്ചയായി പുനലൂരിലെ വ്യാപാരസ്ഥാപനങ്ങൾക്ക് തീപിടിക്കുകയാണെന്നും ഇതിന്റെ മുഖ്യകാരണം കണ്ടെത്താൻ അധികൃതർക്ക് കഴിയുന്നില്ലെന്നുമാണ് വ്യാപാരികൾ പറയുന്നത്. തീപിടിത്തമുണ്ടാകുമ്പോൾ ഫയർഫോഴ്സ് എത്തി തീയണയ്ക്കുകയും പൊലീസ് ഉൾപ്പെടെ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധിക്കുകയുമാണ് പതിവ്. എന്നാൽ എല്ലാ തവണയും വൈദ്യുത ഷോർട്ട് സർക്യൂട്ട് കാരണമാണ് തീപിടിച്ചതെന്ന് സംശയം പ്രകടിപ്പിച്ച് ഇവർ മടങ്ങുകയാണെന്നും വ്യാപാരികൾ പറഞ്ഞു.

 ജനങ്ങളുടെ ആശങ്കയകറ്റണം

തീപിടിത്തം നിത്യസംഭവമായതോടെ പുനലൂരിലെ വ്യാപാരികളും, താമസക്കാരും കടുത്ത ആശങ്കയിലാണ്. കോടികൾ ചെലവഴിച്ച് വ്യാപാരശാലകൾ ആരംഭിച്ചിരിക്കുന്ന ഉടമകൾക്ക് രാത്രിയിൽ കടപൂട്ടി വീട്ടിലെത്തിയാൽ ഉറക്കം വരാത്ത അവസ്ഥയാണ്. തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തി ജനങ്ങളുടെ ആശങ്കയകറ്റണമെന്ന ആവശ്യം പ്രദേശത്ത് ശക്തമാകുകയാണ്.

 തുടർക്കഥയായി തീപിടിത്തം

ഒരു വർഷം മുമ്പ് പുനലൂർ പുതിയിടത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് മുന്നിലെ ഇൻഷ്വറൻസ് ഓഫീസ് കത്തി നശിച്ചിരുന്നു. എട്ട് മാസം മുമ്പ് പുനലൂർ ടൗണിലെ എസ്.ബി.ഐ ബ്രാഞ്ചിന് സമീപത്തെ 'മഹാത്ഭുതം' എന്ന കൂറ്റൻ വ്യാപാരശാലയ്ക്ക് തീപിടിച്ച് രണ്ട് കോടിയോളം രൂപയുടെ സാധനങ്ങളാണ് കത്തി നശിച്ചത്. രണ്ട് മാസം മുമ്പ് പുനലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് എതിർവശത്തെ സ്വർണ്ണ കടയുൾപ്പെടെ അഞ്ച് വ്യാപാരശാലകൾക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചു. കൂടാതെ ഒരുവർഷത്തിനിടെ നിരവധി ചെറിയ കടകൾക്കും തീപിടുത്തമുണ്ടായി.