കരനാഗപ്പള്ളി : മതേതര - നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും ജനാധിപത്യ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും പാർലമെന്റ് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് സാമൂഹ്യ സംഘടനകളുടെ താലൂക്ക്തല യോഗം തീരുമാനിച്ചു. നാടിന്റെ പൊതുനന്മയ്ക്ക് ഇടതുപക്ഷം വിജയിച്ചേ മതിയാകൂ എന്നും അതിനായുള്ള പ്രവർത്തന പദ്ധതികൾ ആസൂത്രണം ചെയ്യാനും യോഗം തീരുമാനിച്ചു. കരുനാഗപ്പള്ളി താലൂക്കിന്റെ പരിധിയിൽ വരുന്ന കൊല്ലം, ആലപ്പുഴ പാർലമെന്റ് മണ്ഡലങ്ങളിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥികളായ കെ.എൻ. ബാലഗോപാൽ , അഡ്വ. എ.എം. ആരിഫ് എന്നിവരെ വിജയിപ്പിക്കാനുള്ള പ്രവർത്തനം ശക്തമാക്കാൻ യോഗം തീരുമാനിച്ചു. കരുനാഗപ്പള്ളിയിൽ ചേർന്ന യോഗം അഡ്വ. കെ. സോമപ്രസാദ് എം.പി ഉദ്ഘാടനം ചെയ്തു. കെ.ഡി.എഫ് ചെയർമാൻ പി. രാമഭദ്രൻ മുഖ്യപ്രഭാഷണം നടത്തി. പി.കെ.എസ് ജില്ലാ സെക്രട്ടറി ജി. സുന്ദരേശൻ അദ്ധ്യക്ഷത വഹിച്ചു. കെ.ഡി.എഫ് ജില്ലാ ജനറൽ സെക്രട്ടറി ശൂരനാട് അജി , വേടർ മഹാസഭ സംസ്ഥാന പ്രസിഡന്റ് പട്ടംതുരുത്ത് ബാബു, വിശ്വകർമ്മ മഹാസഭ യുവജന വിഭാഗം ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് കുമാർ, സിദ്ധനർ സർവീസ് സൊസൈറ്റി പ്രതിനിധി ജി. രാഘവൻ, കേരള പാണർസമാജം പ്രതിനിധി അഡ്വ. പി. സദാനന്ദൻ, സി.പി.എം ഏരിയാ കമ്മിറ്റി സെക്രട്ടറി പി.കെ. ബാലചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. പന്ത്രണ്ടോളം സംഘടനകൾ ഉൾപ്പെട്ട കമ്മിറ്റിക്കും രൂപം നൽകി. എസ്. സുരേഷ് (ചെയർമാൻ) പ്രേം ഫാസിൽ, പി. ശിരോമണി, വിജയകുമാരി, ജി. രാഘവൻ, അഡ്വ. പി. സദാനന്ദൻ (വൈസ് ചെയർമാൻമാർ) എം. സുരേഷ് കുമാർ (കൺവീനർ).