കൊല്ലം: പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷം പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലായെന്നും പറഞ്ഞതെല്ലാം ചെയ്തു കാണിച്ച സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും കൊല്ലം പാർലമെന്റ് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ചവറ നിയോജക മണ്ഡലത്തിൽ നടന്ന സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പതിനേഴായിരത്തോളം കിലോമീറ്റർ തോടും പുഴകളും പുനരുജ്ജീവിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിച്ചു. പൊതുവിദ്യാഭ്യാസം രാജ്യത്തിനാകെ മാതൃകയാവും വിധം ശക്തിപ്പെടുത്തി. മൂന്നര ലക്ഷം കുട്ടികളാണ് പൊതുവിദ്യാഭ്യാസത്തിലേക്ക് എത്തിയത്. കേരളം ഭവനരഹിതരില്ലാത്ത സംസ്ഥാനമായി മാറുകയാണ്.
ഏത് വെല്ലുവിളികളെയും നേരിടാൻ കഴിയും വിധം ആരോഗ്യമേഖല ശക്തിപ്പെട്ടു. വനിതാ ക്ഷേമ പദ്ധതികൾക്കായി ആയിരത്തിനാനൂറ് കോടി രൂപയാണ് ബഡ്‌ജറ്റിൽ നീക്കിവച്ചത്. ഒരു ലക്ഷം പേർക്ക് പുതുതായി പട്ടയം നൽകി. പിന്നാക്ക വിഭാഗങ്ങൾക്ക് എല്ലാ മേഖലകളിലും അർഹമായ പ്രാതിനിദ്ധ്യം നൽകി. ഓഖി ദുരന്തത്തേയും പ്രളയത്തേയും ഫലപ്രദമായി നേരിടാൻ സർക്കാരിന് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
കോൺഗ്രസും ബി.ജെ.പിയും ജനവിരുദ്ധ നയങ്ങളുടെ കാര്യത്തിൽ ഒരേതൂവൽ പക്ഷികളാണ്. സബ്‌സിഡികൾ നിർത്തലാക്കുക, പൊതുമേഖലയും ആരോഗ്യ വിദ്യാഭ്യാസ മേഖലകളും പൂർണ്ണമായും സ്വകാര്യവല്കരിക്കുക എന്നിവയാണ് രണ്ടുകൂട്ടരുടേയും നിലപാടെന്നും ബാലഗോപാൽ പറഞ്ഞു. കെ.എം.എം.എൽ കമ്പനി പടി, പള്ളിക്കോടി, പുത്തൻസങ്കേതം തൊഴിലാളിമുക്ക് , മൂക്കനാട്ട് മുക്ക്, കാഞ്ഞിരവിളമുക്ക്, ചേനങ്കര മുക്ക്, വടക്കുംതല പറമ്പിമുക്കു, കുറ്റിവട്ടം തുടങ്ങിയിടങ്ങളിൽ സ്ഥാനാർത്ഥി സ്വീകരണങ്ങൾ ഏറ്റുവാങ്ങി.