photo
നെടുമൺകാവ് അറക്കടവ് പാലത്തിന്റെ നിർമ്മാണം

ജനങ്ങളുടെ നീണ്ടനാളത്തെ യാത്രാദുരിതത്തിന് അറുതിവരുന്നു

നിലവിൽ മറുകരയെത്താൻ കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കണം

കൊല്ലം: നാടിന് വലിയ പ്രതീക്ഷകൾ സമ്മാനിച്ച് നെടുമൺകാവ് ആറ്റിൽ വഞ്ചിമുക്ക് അറക്കടവിൽ പുതിയ പാലത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു, കാലങ്ങളായി തുടരുന്ന യാത്രാദുരിതത്തിനാണ് അറുതിയുണ്ടാകുന്നത്. നെടുമൺകാവ്, കൊട്ടറ നിവാസികൾക്ക് പുതിയ പാലവും റോഡും വലിയ ആശ്വാസമാകും. കരീപ്ര- വെളിയം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പുതിയ പാലം. ഇടുങ്ങിയ ചെറിയ പാലത്തിൽക്കൂടിയായിരുന്നു ഇത്രയുംനാൾ നാട്ടുകാർ സഞ്ചരിച്ചിരുന്നത്. കാൽനട യാത്രയ്ക്കും ഇരുചക്ര വാഹനങ്ങൾക്കും മാത്രമേ ഈ പാലം ഉപകരിച്ചിരുന്നുള്ളു.

മറ്റ് വാഹനങ്ങൾ മീയണ്ണൂർ, തച്ചക്കോട്, തുതിയൂർ വഴി ചുറ്റിയാണ് സഞ്ചരിച്ചിരുന്നത്. കിലോമീറ്ററുകളുടെ അധികയാത്രയാണ് ഇതിലൂടെ ഉണ്ടായിരുന്നത്.

ജനങ്ങളുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് പി. ഐഷാപോറ്റി എം.എൽ.എ മുൻകൈയെടുത്താണ് അറക്കടവ് പാലം നിർമ്മിക്കാൻ കിഫ്ബിയിൽ ഉൾപ്പെടുത്തി 10.26 കോടി രൂപ അനുവദിച്ചത്. അപ്രോച്ച് റോഡ് നിർമ്മിക്കാനും നിലവിലുള്ള റോഡിന് വീതി കൂട്ടാനും നാട്ടുകാർ തന്നെ മുൻകൈയെടുത്തു. സൗജന്യമായിട്ടാണ് മിക്കവരും ഭൂമി വിട്ടുനൽകിയത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ പാലത്തിന് ശിലപാകിയ നാൾ മുതൽ നാട്ടുകാർ പുതിയ പാലത്തിൽക്കൂടി യാത്രചെയ്യാൻ കാത്തിരിക്കുകയാണ്. 10.5 കോടി രൂപ നിർമ്മാണ ചെലവ് പ്രതീക്ഷിക്കുന്ന പാലത്തിന് ഏഴര മീറ്റർ വീതിയുണ്ടാകും. ബാക്കി തുക അനുബന്ധ റോഡ് നിർമ്മാണത്തിനുള്ളതാണ്. ജീർണാവസ്ഥയിലായ പഴയ പാലം പൊളിച്ച് നീക്കിയ ശേഷമാണ് പുതിയ പാലത്തിന്റെ നിർമ്മാണം തുടങ്ങിയത്.

താല്കാലിക പാലവും നിർമ്മിച്ചു

ബുദ്ധമുട്ടില്ലാതെ നാട്ടുകാർക്ക് ആറിന് കുറുകെ കടക്കാൻ താല്കാലിക പാലം നിർമ്മിച്ചിട്ടുണ്ട്. നേരത്തെ പഴയ പാലത്തിന്റെ കോൺക്രീറ്റ് കഷണങ്ങളിൽ ചവിട്ടിയാണ് ആളുകൾ മറുകരയെത്തിയിരുന്നത്. ഇങ്ങനെ യാത്ര ചെയ്തയാൾ കാൽവഴുതി വെള്ളത്തിൽ വീണു. രക്ഷിക്കാനിറങ്ങിയ ആൾ മരിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് താല്കാലിക പാലം നിർമ്മിച്ചത്. ഉരുക്ക് തൂണുകളിൽ ബീമുകൾ സ്ഥാപിച്ച് ഇരുമ്പ് ഷീറ്റ് പാകിയാണ് നടപ്പാലമൊരുക്കിയത്. ഒരു മീറ്റർ വീതിയും 35 മീറ്റർ നീളവും കൈവരിയും ഉള്ളതാണ് ഈ പാലം.

എം.എൽ.എ സന്ദർശിച്ചു

അറക്കടവ് പാലത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്താൻ ഇന്നലെ പി. ഐഷാപോറ്റി എം.എൽ.എ സ്ഥലം സന്ദർശിച്ചു. നാട്ടുകാരുടെ അഭിപ്രായങ്ങളും തേടി. വേഗത്തിലാണ് നിർമ്മാണ ജോലികൾ നടക്കുന്നതെന്നാണ് എം.എൽ.എയുടെ വിലയിരുത്തൽ.