kulam-
പൂയപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഹംസാറാവുത്തറും വാർഡ്‌മെമ്പർ അനിൽകുമാറും തൊഴിലുറപ്പ് തൊഴിലാളികൾക്കൊപ്പം കുളം നിർമ്മാണത്തിനിടെ

ഓയൂർ: കടുത്ത വേനലിനെത്തുടർന്ന് രൂക്ഷമായ ജലക്ഷാമത്തെ അതിജീവിക്കാൻ നാടിന് കുളം നിർമ്മിച്ച് നൽകി പൂയപ്പ്ളള്ളി പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾ. മരുതമൺപള്ളി 14-ാംവാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് കുളം നിർമ്മിച്ചത്. കാടുവെട്ടിത്തെളിക്കലും പുരയിടങ്ങൾ വൃത്തിയാക്കലുമടക്കമുള്ള സ്ഥിരം ജോലികളിൽ നിന്ന് വ്യത്യസ്ഥമായി പ്രദേശവാസികൾക്ക് ഒന്നടങ്കം പ്രയോജനകരമായ എന്തെങ്കിലും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു നിർമ്മാണം.

മരുതമൺപള്ളി ചുണ്ടേലഴികത്ത് കാവിന് സമീപം അഞ്ച് മീ​റ്റർ ആഴത്തിലും നാലു മീ​റ്റർ വീതിയിലും മൂന്ന് തട്ടുകളായാണ് കുളം നിർമ്മിച്ചത്. 18 പേരടങ്ങുന്ന സംഘത്തിന്റെ 130 തൊഴിൽ ദിനങ്ങളാണ് കുളത്തിന്റെ പൂർത്തീകരണത്തിനായി ചെലവഴിച്ചത്. പഞ്ചായത്തിൽനിന്നും 33,000 രൂപയും ഇതിനായി അനുവദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഹംസ റാവുത്തർ, ഓവർസിയർ വിനോദ്, വാർഡ്‌ മെമ്പർ അനിൽകുമാർ എന്നിവർ നിർമ്മാണ പ്രവൃത്തികൾക്ക് നേതൃത്വം നല്കി.