കൊല്ലം: മലയാള സിനിമയിലെ മസിൽമാൻ, ചെയ്തതിലേറെയും നെഗറ്റീവ് കഥാപാത്രങ്ങൾ. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഇടികൾ ഒരുപാട് കൊണ്ടിട്ടുള്ള വില്ലൻ..ഇത് കൊല്ലം അജിത്ത്. സംവിധാന മോഹവുമായി സിനിമയിലെത്തി വില്ലൻ കഥാപാത്രങ്ങളിലൂടെ സിനിമാ പ്രേമികളുടെ മനസിലിടം നേടിയ അജിത്ത് കാലയവനികയ്‌ക്കുള്ളിൽ മറഞ്ഞിട്ട് ഇന്ന് (ഏപ്രിൽ 5) ഒരു വർഷമാകും. മോഹൻലാലിന്റെ നാടോടിക്കാറ്റ്, അഭിമന്യു, ആറാം തമ്പുരാൻ എന്നീ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ ഇന്നും കേരളീയർക്ക് സുപരിചിതമാണ് അജിത്ത്.
മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യണമെന്നതായിരുന്നു വലിയൊരു മോഹം. മമ്മൂട്ടി നായകനാകുന്ന മെഗാ പ്രോജക്‌ട് മാമാങ്കത്തിലെ ഒരു സുപ്രധാന വേഷത്തിനുള്ള തയ്യാറെടുപ്പിനിടെയാണ് മരണത്തിന് കീഴടങ്ങിയതെന്ന് സഹോദരൻ കിഷോർ ഓർമ്മിക്കുന്നു. പഴയ പ്രതാപത്തിലേക്ക് തിരിച്ചു വരാൻ ശാരീരികമായ തയ്യാറെടുപ്പുകൾ നടത്തുകയായിരുന്നു അദ്ദേഹം. ന്യുജൻ സിനിമകളുടെ കാലം വന്നതോടെ വില്ലൻ സങ്കൽപങ്ങളിലും മാറ്റം വന്നു. അതോടെ അവസരങ്ങളും കുറഞ്ഞു. എങ്കിലും സിനിമയെ മാത്രം സ്‌നേഹിച്ച അജിത്തിന് അതിൽ നിന്ന് മാറി നിൽക്കാനോ മറക്കാനോ കഴിഞ്ഞിരുന്നില്ല. ദേശീയ പ്രാധാന്യമുള്ള ഒരു സിനിമയായിരുന്നു അദ്ദേഹം സംവിധാനം ചെയ്ത് അഭിനയിച്ച 'പകൽപോലെ ' എന്ന ചിത്രം. എന്നാൽ, അത് ശ്രദ്ധിക്കപ്പെടാതെ പോയെന്നും കിഷോർ പറഞ്ഞു.
തൊണ്ണൂറുകളിൽ പത്തോളം സിനിമകളിൽ നായകനായിട്ടുണ്ടെന്നതും പലരും ഓർക്കുന്നുണ്ടാവില്ല. മിക്കവയും ചെറിയ ബഡ്ജറ്റിലുള്ള ചിത്രങ്ങൾ. സുരേഷ് ഗോപിയെ നായകനായി പരിഗണിച്ചിരുന്ന അഗ്നിപ്രവേശം എന്ന സിനിമയിൽ യാദൃച്ഛികമായി അജിത് നായകനായി. അതായിരുന്നു ആദ്യമായി നായകനായ ചിത്രം.
പിന്തുണയ്ക്കാൻ ആരും ഇല്ലാതിരുന്നതിനാലാവാം മൂന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും മുൻനിരയിലേക്കെത്താൻ കഴിയാതെപോയി.
1921, യുവജനോത്സവം, രക്തസാക്ഷികൾ സിന്ദാബാദ് തുടങ്ങിയ സിനിമകളിൽ നല്ല വേഷങ്ങൾ ലഭിച്ചിട്ടുണ്ട്. തമിഴ്, ഹിന്ദി സിനിമകളിലും അഭിനയിച്ചുവെങ്കിലും ഒരു വീട് പോലും സമ്പാദിയ്ക്കാനായില്ല. താര സംഘടനയായ അമ്മ എറണാകുളം പൂക്കാട്ടുപടിയിൽ അദ്ദേഹത്തിന്റെ കുടുംബത്തിനായി വീട് നിർമ്മിച്ചു കൊണ്ടിരിക്കുകയാണ്. ഭാര്യ പ്രമീളയും മക്കളായ ഗായത്രിയും ഹരിയും അടങ്ങുന്നതാണ് കുടുംബം.