lilli

പത്തനാപുരം: ഈസ്റ്റർ ആഘോഷത്തിന്റെ വരവറിയിച്ചുകൊണ്ട് ഈസ്റ്റർ ലില്ലിച്ചെടികൾ പാതയോരങ്ങളിൽ വർണക്കാഴ്ചയൊരുക്കുന്നു. കിഴക്കൻ മലയോരത്തെ പറമ്പുകളിലും വഴിയോരങ്ങളിലും പൂവിട്ടുനിൽക്കുന്ന ഈസ്റ്റർ ലില്ലികൾ വേനൽച്ചൂടിലും കാഴ്ചയുടെ വസന്തം ഒരുക്കുകയാണ്. പുറമേ അവശേഷിപ്പുകളൊന്നും പ്രകടമാക്കാതെ മാസങ്ങളോളം മണ്ണിനടിയിൽ സുഷുപ്തി തേടുന്നു എന്നതാണ് ലില്ലിയുടെ പ്രത്യേകത.

മാർച്ച് - ഏപ്രിൽ മാസങ്ങളിലാണ് ലില്ലികൾ പൂവിടുന്നത്. ക്രിസ്തുവിന്റെ ഉയിർപ്പുമായി ബന്ധപ്പെട്ടാണ് ഈസ്റ്റർ ലില്ലികളെന്ന വിളിപ്പേര് ലഭിച്ചത്. ക്രിസ്തുമത വിശ്വാസികൾക്ക് ഇപ്പോൾ അമ്പതു നൊയമ്പുകാലമാണ്. ഏപ്രിൽ മാസം പെസഹവ്യാഴത്തിനും ദുഖവെള്ളിക്കും ശേഷമുള്ള 22-ാം തീയതിയാണ് ഈസ്റ്റർ ആഘോഷം. വിദേശ സസ്യമാണെങ്കിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈസ്റ്റർ ലില്ലികൾ വ്യാപകമായി കണ്ടുവരുന്നുണ്ട്. ഉയർന്നു നിൽക്കുന്ന കുഴലാകൃതിയിലുള്ള തണ്ടുകളിലാണ് പൂക്കൾ വിരിയുക. ഓറഞ്ച് നിറത്തിലുള്ള പൂക്കളുടെ മദ്ധ്യത്തിൽ ഇളംപച്ചയും മഞ്ഞയും കലർന്നിട്ടുണ്ട്. ഒരു തണ്ടിൽ രണ്ട് പൂക്കൾ മാത്രം. ഒരു പൂവിൽ ആറോ, ഏഴോ ഇതളുകൾ. കടുംപച്ച നിറത്തിലുള്ള തണ്ടുകൾക്കു മേലെയുള്ള ഓറഞ്ച് നിറത്തിലുള്ള പൂക്കൾ ചെടിയുടെ ഭംഗി വർദ്ധിപ്പിക്കുന്നു. പൂക്കൾ കാണാനും ഫോട്ടോ പകർത്താനുമെത്തുന്നവർ നിരവധിയാണ്.