കടയ്ക്കൽ: വിദ്യാർത്ഥികളിലും യുവജനങ്ങളിലും ധാർമ്മിക ബോധം വളർത്താൻ സമൂഹം അതീവജാഗ്രത പുലർത്തണമെന്ന് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽഅസീസ് മൗലവി അഭിപ്രായപ്പെട്ടു. കടയ്ക്കൽ മുക്കുന്നം മന്നാനിയ്യ ബനാത്തിൽ പെൺകുട്ടികൾക്കായുള്ള 40 ദിവസത്തെ അവധിക്കാല പഠനക്ലാസ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ധാർമ്മിക ബോധത്തിന്റെ അഭാവമാണ് കുറ്റകൃത്യങ്ങൾ പെരുകുന്നതിന് കാരണം. അറിവ് കൊണ്ടുമാത്രം സമൂഹത്തിൽ മാറ്റമുണ്ടാകില്ലെന്ന തിരിച്ചറിവിനാണ് പ്രാധാന്യം നൽകേണ്ടതെന്നും മൗലവി ഓർമിപ്പിച്ചു. അബ്ദുൽ ലത്തീഫ് മൗലവി, എ.എം. ഹനീഫ, സലിം മൗലവി, എം. ഉസ്മാൻ എന്നിവർ സംസാരിച്ചു. അവധിക്കാല കോഴ്സിൽ ഖുർആൻ, ഹാദിസ്, കർമ്മശാസ്ത്രം, കരിയർ ഗൈഡൻസ്, വ്യക്തിത്വ വികാസം,ആരാധനാ കർമ്മങ്ങളിൽ പരിശീലനം എന്നിവ ഉൾക്കൊള്ളിച്ചിട്ടുണ്ട്.