choodu
കല്ലട ആറിന് മദ്ധ്യേയുളള പുനലൂർ റെയിൽവേ പാലത്തിൽ ചുട്ട് പൊള്ളുന്ന വെയിലത്ത് പെയിന്റിംഗ് ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾ

പുനലൂർ: സൂര്യാഘാത ഭീഷണി നിലനിൽക്കുന്ന പുനലൂരിൽ അധികൃതരുടെ മുന്നറിയിപ്പ് അവഗണിച്ച് ചുട്ടുപൊള്ളുന്ന വെയിലത്ത് ജോലി ചെയ്യുന്നവരുടെ എണ്ണം ഗണ്യമായി വർദ്ധിക്കുന്നു. പുനലൂരിന് പുറമെ തെന്മല, ആര്യങ്കാവ്, കരവാളൂർ പഞ്ചായത്ത് പ്രദേശങ്ങളിലും രൂക്ഷമായ ചൂടിനെ അവഗണിച്ച് കൊണ്ട് നിർമ്മാണ ജോലികൾ തകൃതിയായി നടക്കുന്നുണ്ട്. ദേശീയപാത, പൊതുമരാമത്ത്, റെയിൽവേ എന്നിവയുടെ കീഴിലുള്ള വിവിധ നിർമ്മാണ ജോലികളിലാണ് തൊഴിലാളികൾ ഏർപ്പെട്ടിരിക്കുന്നത്. രാവിലെ 11 മുതൽ വൈകിട്ട് 3 വരെ പുറത്തെ നിർമ്മാണ ജോലികളിൽ ഏർപ്പെടുന്നതിന് അധികൃതർ വിലക്ക് ഏർപ്പെടുത്തിയെങ്കിലും തൊഴിലാളികളും കരാറുകാരും മുന്നറിയിപ്പിന് യാതൊരു വിലയും നൽകുന്നില്ല.

 സൂര്യാഘാതം നിത്യസംഭവം

ഇതിനോടകം പുനലൂരിൽ റോഡ് പണികളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾ, പൊതുമരാമത്ത് വകുപ്പ് ജീവനക്കാർ, അദ്ധ്യാപകർ എന്നിവരടക്കം അമ്പതോളം പേർക്കാണ് സൂര്യാഘാതമേറ്റത്. എന്നാൽ ഇതൊക്കെ കണ്ടില്ലെന്ന് നടിച്ച് ഇതരസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചാണ് കരാറുകാർ പണികൾ ചെയ്യിക്കുന്നതെന്ന ആരോപണമുണ്ട്. സൂര്യാഘാതമേൽക്കുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്ന സാഹചര്യത്തിൽ ഉച്ചസമയങ്ങളിൽ തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

 ചൂട് കൂടിയ പ്രദേശം

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന പ്രദേശമാണ് പുനലൂരും സമീപ പ്രദേശങ്ങളും. കഴിഞ്ഞ ആഴ്ചയിൽ 39.5 ഡിഗ്രി സെൽഷ്യസ് താപനിലയാണ് പുനലൂരിൽ രേഖപ്പെടുത്തിയത്. ചൂട് രൂക്ഷമായതോടെ ദിവസേന അര ഡസനോളം പേർക്ക് പുനലൂരിലും സമീപ പ്രദേശങ്ങളിലുമായി സൂര്യാഘാതമേൽക്കുന്നതായാണ് കണക്ക്.