photo
വീടിന് മുകളിൽ സൂക്ഷിച്ചിരുന്ന വൈക്കോിലിന് തീപിടിച്ചത് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ കെടുത്തുന്നു

കുണ്ടറ: വീടിന്റെ ടെറസിന് മുകളിൽ സൂക്ഷിച്ചിരുന്ന വൈക്കോൽ കെട്ടിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. കുഴിമതിക്കാട് സായിപ്പ് മുക്കിൽ സുരേഷ് ഭവനിൽ ഗോപിനാഥൻ പിള്ളയുടെ വീടിന് മുകളിൽ സൂക്ഷിച്ചിരുന്ന വൈക്കോലിനാണ് തീപിടിച്ചത്. വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. സംഭവസമയത്ത് വീട്ടിൽ ഗോപിനാഥൻ പിള്ള മാത്രമേ ഉണ്ടായിരുന്നുള്ളു. പുറത്തുപോയി തിരികെ വരികയായിരുന്ന ഗോപിനാഥൻ പിള്ളയുടെ മകൾ വീടിന് മുകളിൽ പുക ഉയരുന്നത് കണ്ടാണ് തീപിടിച്ചത് അറിഞ്ഞത്. സമീപവാസികൾ ചേർന്ന് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് കുണ്ടറയിൽ നിന്ന് ഫയർ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഡി.എൽ. രാജേഷ്, ലീഡിംഗ് ഫയർമാൻ ഉദയകുമാർ, ഫയർമാൻമാരായ മിധിലേഷ്, ടി.എസ്. ബിനു, പ്രമോദ് കുമാർ, മനീഷ്, ഡ്രൈവർ ഡി. ബിജു എന്നിവർ ചേർന്നാണ് തീ കെടുത്തിയത്.