കരുനാഗപ്പള്ളി: ആലപ്പാട് ഗ്രാമപഞ്ചായത്തിലെ കായൽത്തീര സംരക്ഷണത്തിനായി 13 വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച സംരക്ഷണ ഭിത്തി തകർച്ചയിൽ. സുനാമി ദുരന്തത്തെ തുടർന്നാണ് ആലപ്പാട് ഗ്രാപഞ്ചായത്തിന്റെ വടക്കേഅറ്റം മുതൽ തെക്കേഅറ്റം വരെ കായൽത്തീര സംരക്ഷണ ഭിത്തി നിർമ്മിക്കാൻ തീരുമാനിച്ചത്. നിർമ്മാണത്തിനായി സുനാമി ഫണ്ടിൽ നിന്ന് 3.18 കോടി രൂപ അനുവദിക്കുകയും ചെയ്തു.
അഴീക്കൽ നിന്ന് ആരംഭിച്ച് പണിക്കർ കടവിൽ അവസാനിപ്പിക്കുന്ന തരത്തിലുള്ള സംരക്ഷണ ഭിത്തിയുടെ നിർമ്മാണ ചുമതല ഇറിഗേഷൻ വകുപ്പിനായിരുന്നു. കായൽ ജലനിരപ്പിൽ നിന്ന് ഒന്നരമീറ്റർ താഴേക്ക് പാറകൾ ഡമ്പ് ചെയ്ത ശേഷം ജലനിരപ്പിൽ നിന്നും ഒന്നര മീറ്റർ ഉയരത്തിൽ ഭിത്തി നിർമ്മിക്കണമെന്നായിരുന്നു നിർദ്ദേശം.
സംരക്ഷണ ഭിത്തിയുടെ മുകൾഭാഗത്ത് ഒന്നരഇഞ്ച് വീതിയിലും 12 ഇഞ്ച് ഘനത്തിലും കോൺക്രീറ്റും ചെയ്യണമായിരുന്നു. മൂന്ന് കിലോമീറ്റർ വീതം ദൈർഘ്യത്തിൽ തിരിച്ചാണ് കോൺട്രാക്ട് നൽകിയിരുന്നത്. നിർമ്മാണത്തിൽ ക്രമക്കേടുകൾ കണ്ടതിനെ തുടർന്ന് നാട്ടുകാർ ആരംഭത്തിൽ തന്നെ പ്രതിഷേധിച്ചിരുന്നു.
ഉദ്യോഗസ്ഥരുടെ മൗനാനുവാദവും ഇതിന് ഉണ്ടായിരുന്നുവെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഭിത്തിയുടെ നിർമ്മാണം പൂർത്തിയായി 13 വർഷങ്ങൾ പിന്നിടുമ്പോഴും ഒരിക്കൽപ്പോലും അറ്റകുറ്റപ്പണികളും നടത്തിയിട്ടില്ല. ഇപ്പോൾ സംരക്ഷണ ഭിത്തിയുടെ മിക്ക ഭാഗങ്ങളും തകർന്ന് കായലിൽ പതിച്ചുതുടങ്ങി. ഇതുമൂലം വേലിയേറ്റ സമയങ്ങളിൽ ഉപ്പുവെള്ളം കരയിലേക്ക് അടിച്ച് കയറി കൃഷി നശിക്കുന്നത് വ്യാപകമാണ്. ശേഷിക്കുന്ന സംരക്ഷണ ഭിത്തിയെങ്കിലും അറ്റകുറ്റപ്പണികൾ നടത്തി ബലപ്പെടുത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.